പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ഇന്ത്യന്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും കെ.എല്‍. രാഹുലിനും ആശ്വാസമാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്.
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനാകാന്‍ സാധിക്കാത്തത് കാരണം വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഷഹീന്‍ അഫ്രീദിക്ക് പങ്കെടുക്കാനാവില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ യൂനിസ്.
”ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ഷഹീന്‍ അഫ്രീദിയുടെ പരിക്ക് വലിയ ആശ്വാസമാണ്. ഷഹീനെ 2022 ഏഷ്യാ കപ്പില്‍ കാണാന്‍ സാധിക്കില്ല എന്നത് സങ്കടകരമായ കാര്യമാണ്. പെട്ടെന്ന് പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചുവരൂ ചാമ്പ്യന്‍,” വഖാര്‍ യൂനിസ് ട്വിറ്ററില്‍ കുറിച്ചു.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നീ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെക്കുറിച്ചായിരുന്നു യൂനിസിന്റെ പരാമര്‍ശം.
യു.എ.ഇയില്‍ വെച്ച് നടന്ന കഴിഞ്ഞ ഐ.സി.സി ടി-20 ലോകകപ്പില്‍ രോഹിത്തിനെയും രാഹുലിനെയും വിരാടിനെയും പുറത്താക്കിയത് ഷഹീന്‍ അഫ്രീദിയായിരുന്നു.
ഈ മത്സരത്തില്‍ പാകിസ്ഥാന്‍ പത്ത് വിക്കറ്റിന് വിജയിക്കാന്‍ പ്രധാനമായും കാരണവും അഫ്രീദിയുടെ പ്രകടനമായിരുന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഷഹീന്‍ അഫ്രീദിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.
അതേസമയം, ഒരു ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇനി കളിക്കാനിരിക്കുന്നത്. ഓഗസ്റ്റ് 27നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഓഗസ്റ്റ് 28ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റമുട്ടും.
ഇന്ത്യയുടെ ബൗളിങ് വജ്രായുധമായ ജസ്പ്രീത് ബുംറയ്ക്കും പരിക്ക് കാരണം ഏഷ്യാ കപ്പില്‍ പങ്കെടുക്കാനാവില്ല.
Content Highlight: Waqar Younis says Shaheen Afridi’s injury is a big relief for Rohit Sharma, KL Rahul and Virat Kohli