അഫ്രീദിക്ക് പിന്നാലെ വഖാര്‍ യൂനുസും രാജിവെച്ചു
Daily News
അഫ്രീദിക്ക് പിന്നാലെ വഖാര്‍ യൂനുസും രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th April 2016, 11:26 pm

waqar

ഇസ്‌ലാമാബാദ്: ലോകകപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നായകന്‍ ഷാഹിദ് അഫ്രീദി രാജിവെച്ചതിന് പിന്നാലെ പാക് ടീം പരിശീലക സ്ഥാനത്ത് നിന്ന് വഖാര്‍ യൂനുസും വിരമിച്ചു. രാജിവെക്കുന്നതില്‍ കടുത്ത ദുഖമുണ്ടെന്ന് വഖാര്‍ ലാഹോറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2015ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം താന്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും പി.സി.ബി നടപ്പിലാക്കിയില്ല, തോല്‍വിയുടെ കാരണം വിശദീകരിച്ച് ബോര്‍ഡിന് സമര്‍പ്പിച്ച “രഹസ്യ റിപ്പോര്‍ട്ട്” പുറത്തു വിട്ടതും തന്നെ നിരാശപ്പെടുത്തിയെന്നും വഖാര്‍ യൂനുസ് പറഞ്ഞു.

ടീം സെലക്ഷനില്‍ തന്റെ വാക്കിന് യാതൊരു വിലയുമിലായിരുന്നുവെന്നും, എല്ലാ രംഗത്തും പരാജയപ്പെട്ട അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന തന്റെ നിര്‍ദേശം ക്രിക്കറ്റ് ബോര്‍ഡ് അവഗണിച്ചെന്നും വഖാര്‍ യൂനിസ് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയോട് തോറ്റതിന് പിന്നാലെ വഖാറിനെയും അഫ്രീദിയെയും പുറത്താക്കുമെന്ന്  പി.സി.ബി സൂചന നല്‍കിയിരുന്നു. ഞായറാഴ്ചയാണ് അഫ്രീദി ട്വന്റി20 ക്യാപ്റ്റന്‍സി രാജിവെച്ചത്. എന്നാല്‍ വിരമിക്കില്ലെന്നും അഫ്രീദി വ്യക്തമാക്കിയിരുന്നു.

2010-2011 കാലഘട്ടത്തില്‍ പാക് ടീമിനെ പരിശീലിപ്പിച്ച വഖാര്‍ 2014ലാണ് വീണ്ടും പദവി ഏറ്റെടുത്തത്. ഈ കാലയളവില്‍ മിസ്ബാഹുല്‍ ഹഖിനൊപ്പം പ്രവര്‍ത്തിച്ച വഖാര്‍ ടീ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തിച്ചിരുന്നു. 2006ന് ശേഷം ആദ്യമായിട്ടായിരുന്നു പാകിസ്ഥാന്റെ ഈ നേട്ടം.