ഇസ്‌ലാമാബാദ്: പാക് മണ്ണില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കാത്ത പക്ഷം പാകിസ്ഥാനില്‍ നിന്നും ക്രിക്കറ്റ് തുടച്ച് നീക്കപ്പെടുമെന്ന് ഭയക്കുന്നതായി ടീമിന്റെ കോച്ചും മുന്‍ പേസ് ബൗളറുമായ വഖാര്‍ യൂനുസ്. പാകിസ്ഥാനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കാത്തത് ചെറുപ്പക്കാരെ ക്രിക്കറ്റില്‍ നിന്ന് അകറ്റുന്നതായും വഖാര്‍ പറഞ്ഞു.
2009 മാര്‍ച്ചില്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കയുമായി നടന്ന മത്സരത്തിനിടെ തീവ്രവാദിയാക്രമണം നടന്നതിന് ശേഷമാണ് വിദേശ ടീമുകള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നത്. അന്ന് നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും 7 ശ്രീലങ്കന്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പി.സി.ബി സിംബാവെ ക്രിക്കറ്റ് ടീമിനെ ഈ വര്‍ഷം മെയില്‍ പാകിസ്ഥാനിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഓസീസിനോടേറ്റ പരാജയം പാകിസ്ഥാനില്‍ ക്രിക്കറ്റ് വികസിപ്പിക്കുന്നതിനായി ഇനിയുമേറെ ശ്രമങ്ങള്‍ നടത്തേണ്ടതായുണ്ടെന്നതിന്റെ സൂചനയാണെന്നും വഖാര്‍ പറഞ്ഞു.
ടീമിനെ 300ലധികം റണ്‍സ് സ്‌കോറിലേക്ക് എത്തിക്കാന്‍ പ്രാപ്തിയുള്ള ബാറ്റ്‌സ്മാന്‍മാരെ പാകിസ്ഥാനെ വളര്‍ത്തിയെടുക്കേണമെന്നും വഖാര്‍ പറഞ്ഞു. ലോകകപ്പില്‍ ഏഴ് മത്സരങ്ങളിലായി ഒരു തവണ മാത്രമാണ് പാകിസ്ഥാന്‍ 300 കടന്നിരുന്നത്.
ലോകത്തെ മികച്ച ബൗളര്‍മാര്‍ പാകിസ്ഥാനിലുണ്ടെങ്കിലും വിരമിക്കാനിരിക്കുന്ന മിസ്ബാഹുള്‍ ഹഖ്, യൂനുസ് ഖാന്‍ എന്നിവര്‍ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്നും വഖാര്‍ പറഞ്ഞു.