വഖഫ് സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ; ലീഗ് വിരുദ്ധ വഖഫ് സംരക്ഷണ വേദിയില്‍ സമസ്ത മുശാവറ അംഗം മുക്കം ഉമ്മര്‍ഫൈസി
Kerala News
വഖഫ് സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ; ലീഗ് വിരുദ്ധ വഖഫ് സംരക്ഷണ വേദിയില്‍ സമസ്ത മുശാവറ അംഗം മുക്കം ഉമ്മര്‍ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2022, 7:39 pm

കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സര്‍ക്കാറിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രമങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് സമസ്ത മുശാവറ അംഗം ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞു.ശനിയാഴ്ച കോഴിക്കോട് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടന്ന വഖഫ് സംരക്ഷണ ബഹുജന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാമെന്ന് മന്ത്രിയടക്കം പ്രസ്താവന നടത്തിയിട്ടുണ്ട്. അതിന് സമുദായത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. വഖഫ് ബോര്‍ഡിലെ നിയമനം സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ സുതാര്യമാകണം,’ ഉമ്മര്‍ ഫൈസി പറഞ്ഞു.

ഐ.എന്‍.എല്‍ നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച വഖഫ് ആക്ഷന്‍ കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല പരിപാടിയില്‍ സമസ്ത മുശാവറ അംഗം പങ്കെടുത്തത് വിവാദമായിട്ടുണ്ട്. പരിപാടിയില്‍ വഖഫ് വിഷയത്തിലെ മുസ്‌ലിം ലീഗ് നിലപാടിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ സുതാര്യത വേണമെന്നും ഉമ്മര്‍ ഫൈസി ആവശ്യപ്പെട്ടു. അതത് കാലത്ത് ഭരിക്കുന്ന സര്‍ക്കാറുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. സര്‍ക്കാരുകളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ ബോര്‍ഡിലുള്ളത്. അതിന് മാറ്റമുണ്ടായാല്‍ തന്നെ കുറേയേറെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്തുക്കളില്‍ നിരവധി കൈയേറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഉമ്മര്‍ ഫൈസി പറഞ്ഞു. സുന്നി വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കള്‍ സലഫികള്‍ കയ്യേറിയിട്ടുണ്ട്. കോഴിക്കോട്ടെ മുഹ്‌യുദ്ദീന്‍ പള്ളിയില്‍ മുഹ്‌യുദ്ദീന്‍ റാത്തീബ് നടന്നിരുന്നു. ആ പള്ളി എങ്ങനെയാണ് സലഫികളുടേതാകുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഹ്‌യുദ്ദീന്‍ പള്ളി കൈകാര്യം ചെയ്യാന്‍ പറ്റാത്തവരാണ് ഇപ്പോള്‍ അതിന്റെ നടത്തിപ്പുകാര്‍. കോഴിക്കോട്ടെ ഷാദുലി പള്ളിയും ആ തരത്തിലുള്ളതാണ്. ശാദുലി പള്ളിയോട് ചേര്‍ന്ന മഖാം മാത്രമാണ് ഇപ്പോള്‍ സുന്നികളുടേതായിട്ടുള്ളതെന്നും ഉമ്മര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കാനായി വിലപ്പെട്ട വസ്തുക്കള്‍ അള്ളാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. പരലോക മോക്ഷമാണ് വഖഫ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതില്‍ വിശ്വസിക്കുന്ന വിശ്വാസികളാണ് വഖഫ് ചെയ്യുന്നതെന്നും ഉമ്മര്‍ ഫൈസി പറഞ്ഞു.

വഖഫിന്റെ ഈ ഉദ്ദേശം നടപ്പിലാക്കപ്പെടുന്ന സംവിധാനമാണ് ഇവിടെ വേണ്ടത്. അത്തരത്തിലായിരിക്കണം വഖഫ് ബോര്‍ഡോ അത് കൈകാര്യം ചെയ്യുന്നവരും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഒരിക്കല്‍ വഖഫ് ചെയ്യപ്പെട്ട സ്വത്ത് പിന്നീട് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നാണ് നിയമം. സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉപയോഗിക്കേണ്ട സ്വത്താണ് നശിച്ചുപോകുന്നത്. എന്തിനു വേണ്ടിയാണോ ചെലവഴിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള നിബന്ധനകള്‍ പാലിക്കണം,’ ഉമ്മര്‍ ഫൈസി പറഞ്ഞു.

അള്ളാഹുവിന്റെ സ്വത്തായതുകൊണ്ട് വഖഫ് സ്വത്തുക്കള്‍ തങ്ങള്‍ക്ക് എടുക്കാമെന്ന നിലയിലാണ് പലരും കരുതുന്നതെന്നും ഇത്തരത്തില്‍ ഒരുപാട് വസ്തുവകകള്‍ കൈമോശം വന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശപരമായ
കയ്യേറ്റങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വത്തുക്കളടക്കം നഷ്ടപ്പെട്ടുപോയ വഖഫ് വസ്തുക്കള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിന് മുന്‍പില്‍ നില്‍ക്കേണ്ടത് വഖഫ് ബോര്‍ഡാണെന്നും ഉമ്മര്‍ ഫൈസി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
content highlight : Full support for government efforts to protect Waqf,says Samastha Mushavara member Mukham Ummer Faizi at the INL forum