കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും പരിശോധന ഫലം നെഗറ്റീവ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിലാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്. സ്വപ്നയെ തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. സന്ദീപ് കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിലുമാണ്.
പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തില്‍ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണു വിട്ടത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍വച്ച് പിടികൂടിയ ഇവരെ കൊച്ചി എന്‍.ഐ.എ ഓഫിസിലെത്തിക്കുകയായിരുന്നു.
സ്വപ്നയ്ക്ക് നിയമ നടപടികള്‍ക്കായി അഭിഭാഷകയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍.ഐ.എ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്.
സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. ഇരുവരെയും 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കടത്തിയ സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിച്ചതായാണ് എന്‍.ഐ.എ കരുതുന്നത്. ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍.ഐ.എ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക