|

ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെയാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മോദി തന്റെ പഴയകാല ആഗ്രഹം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.

” മറ്റേത് രാജ്യത്തെക്കാളും ശക്തമാണ് നമ്മുടെ ഓരോ സംസ്ഥാനവും. ചെറിയ രാജ്യങ്ങളെ വെച്ചുനോക്കുമ്പോള്‍ നമ്മള്‍ കുറച്ചുകൂടി ശക്തരാണ്. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ഞാന്‍ ചുമതലയേറ്റ വേളയില്‍ സര്‍ക്കാര്‍ എങ്ങനെയാണ് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അനുഭവസമ്പത്തില്ലായിരുന്നു. ഭരണത്തില്‍ ഞാന്‍ പുതിയതായിരുന്നു.


കടുംനിലപാടില്‍ തന്ത്രി കുടുംബം; വിധിയുമായി സര്‍ക്കാര്‍ മുന്നോട്ട്


ആ സമയത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ അടുക്കല്‍ വന്നു. ഗുജറാത്തിലെ വികസനത്തില്‍ ഏത് മാതൃകയാണ് താങ്കള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം. സ്വാഭാവികമായും അമേരിക്ക, ഇംഗ്ലണ്ട് എന്നെല്ലാമാണ് പലരും ഉത്തരം പറയുക. എന്നാല്‍ വ്യത്യസ്തമായ ഒരു ഉത്തരമായിരുന്നു പറഞ്ഞത്.

ഗുജറാത്തിനെ ദക്ഷിണ കൊറിയ പോലെ ആക്കാനാണ് തന്റെ ആഗ്രഹമെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ആ മാധ്യമപ്രവര്‍ത്തകന് ഒരുപക്ഷേ അപ്പോള്‍ ഒന്നും മനസിലായിക്കാണില്ല. പിന്നീട് ഞാന്‍ തന്നെ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ഗുജറാത്തും ദക്ഷിണകൊറിയയും തമ്മില്‍ ജനസംഖ്യയിലുള്ള സാമ്യത പറഞ്ഞുകൊടുത്തു. താനത് സൂക്ഷ്മമായി പഠിച്ചുവെന്നും അതേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ഒരുപാട് മുന്നേറാമെന്നും താന്‍ അന്ന് പറഞ്ഞു.- മോദി വിശദീകരിക്കുന്നു.

രാജ്യത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ നികുതി സംവിധാനം നാം പരിഷ്‌കരിച്ചു കഴിഞ്ഞു.

നികുതി സംവിധാനം കൂടുതല്‍ വേഗതയുള്ളതും സുതാര്യവുമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ബാങ്കിങ് സംവിധാനവും ശക്തിപ്പെടുകയാണ്. കഴിവ്, നയം, പ്രവര്‍ത്തനം എന്നിവയാണ് പുരോഗതിയിലേക്കുള്ള കാല്‍വെപ്പുകള്‍.

സര്‍ക്കാര്‍ 400 ഓളം റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്ക്കരിക്കാന്‍ പോകുകയാണ്. 100 പുതിയ എയര്‍പോര്‍ട്ടുകളും ഹെലിപാഡുകളും നിര്‍മാണ ഘട്ടത്തിലാണെന്നും മോദിപറഞ്ഞു.

ആരോഗ്യ രംഗത്ത് വലിയ നിക്ഷേപത്തിനുള്ള സാധ്യത ഒരുക്കുകയാണ് ആയുഷ്മാന്‍ ഭാരത് യോജന എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും മോദി പറഞ്ഞു.