ബെംഗളൂരു: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മോദിയുടെയും അമിത് ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് ആ കുതിരയെ പിടിച്ചുകെട്ടിയെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
ജീവനില്ലാത്ത കുതിരയെയായിരിക്കും മോദിക്ക് തിരിച്ചുകിട്ടുകയെന്നും സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കുമാരസ്വാമി പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇത്രയധികം നേതാക്കളെത്തുന്നത് ചരിത്രമാണെന്നും തന്നെ പിന്തുണയ്ക്കാനല്ല 2019ല്‍ വലിയൊരു മാറ്റമുണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് അവര്‍ വന്നതെന്നും കുമാരസ്വാമി പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദേശീയ-പ്രാദേശിക കക്ഷി നേതാക്കള്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ബി.എ.സ്പി അധ്യക്ഷ മായാവതി, അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പിണറായി വിജയന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
ഇന്ന് തന്നെ വിശ്വാസ വോട്ട് തേടുമെന്ന് കുമാരസ്വാമി അറിയിച്ചിരുന്നു. 117 എം.എല്‍.എമാരാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്.
കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് മുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പടെ 12 മന്ത്രിമാരുമാണ് ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ് നടക്കുക. കോണ്‍ഗ്രസ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന നിര്‍ദ്ദേശം വച്ചെങ്കിലും നിലവില്‍ പരമേശ്വര മാത്രമാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേശ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.