ആലപ്പുഴ: വേമ്പനാട്ടുകായല്‍ സംരക്ഷണത്തിന് തണ്ണീര്‍ത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഹരിത എം.എല്‍.എ.മാരുടെ സംഘം ആവശ്യപ്പെട്ടു.[]
വേമ്പനാട്ടുകായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പാതിരാമണല്‍ദ്വീപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വേമ്പനാട്ടുകായലിനെ ആധാരമാക്കി ഉപജീവനം നടത്തുന്നവര്‍ ടൂറിസം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിപോഷിപ്പിക്കുന്ന സമീപനമാണ് എടുക്കേണ്ടത്. നിലവില്‍ വേമ്പനാട്ടുകായലിലെ ഓരോ കാര്യത്തിനും വിവിധ വകുപ്പുകളുടെ അനുമതി വാങ്ങണം.
റവന്യു, തുറമുഖം, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളെയെല്ലാം ഏകോപിപ്പിച്ച് വേമ്പനാട് തണ്ണീര്‍ത്തടം സംരക്ഷിക്കാന്‍ പ്രത്യേക അധികാരമുള്ള അതോറിറ്റിയാണ് ഉണ്ടാകേണ്ടതെന്ന് എം.എല്‍.എ മാര്‍ ആവശ്യപ്പെട്ടു.
38 പഞ്ചായത്തുകളിലെ 20 ലക്ഷത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായല്‍. കാശ്മീരിലെ ദാല്‍ തടാകത്തിന്റെ അവസ്ഥ വേമ്പനാട്ടുകായലില്‍ ഉണ്ടാകാത്തവിധം ടൂറിസം വികസനം സാധ്യമാകണം.അത് കായലിനെ ചുറ്റിപ്പറ്റി കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിക്കുന്നവരെയും സഹായിക്കുംവിധമാകണം.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തിലാകണം അതോറിറ്റി ഉണ്ടാകേണ്ടത്. അതില്‍ പരിസ്ഥിതിസംരക്ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയെസംബന്ധിച്ച് വിശദമായി പഠിച്ചശേഷം അഭിപ്രായം പറയാമെന്നും അവര്‍ പറഞ്ഞു.
നെയ്യാര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള പരിസ്ഥിതി സംരക്ഷണ അന്വേഷണ പരിപാടിയുടെ ഭാഗമായാണ് ഹരിത എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, വി.ടി.ബല്‍റാം എന്നിവര്‍ ആലപ്പുഴയില്‍ എത്തിയത്.
കേരളത്തിലെ പല പരിസ്ഥിതിപ്രശ്‌നങ്ങളിലും ചുരുങ്ങിയ കാലംകൊണ്ട് ഗുണഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതി സംരക്ഷണം, എമര്‍ജിങ് കേരളയില്‍ 29 പരിസ്ഥിതിവിരുദ്ധ പദ്ധതികള്‍ മാറ്റാനായത്.
എല്ലാ പാര്‍ട്ടികളിലും സമ്മര്‍ദം ചെലുത്തി ഗാഡ്ഗില്‍ കമ്മിറ്റി ഭാഗികമായി അംഗീകരിച്ചത്, വെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കം തടസ്സപ്പെടുത്തിയത് എന്നിവയെല്ലാം ഇതില്‍ ചിലതാണെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു.