| Monday, 15th January 2024, 10:19 pm

ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് തുടങ്ങിയത് അവർ അനുഭവിച്ചത് എന്താണെന്ന് ഇന്ത്യയെ അറിയിക്കാൻ: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂർ ജനത അനുഭവിച്ചതെന്താണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചതെന്ന് രാഹുൽ ഗാന്ധി.

ന്യായ് യാത്രക്കായി തയ്യാറാക്കിയ വോൾവോ ബസിന് മുകളിൽ കയറി സേനാപതിയിൽ ജനങ്ങളോട്
സംവദിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിനെ സമാധാനമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് തങ്ങളുടെ ആവശ്യമെന്നും യാത്രയുടെ രണ്ടാം ദിവസം ജനങ്ങളോട് സംസാരിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിക്കുക എന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ഒരു യാത്ര നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ, മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് ഏറ്റവും ശക്തമായ കാര്യമെന്ന് ഞങ്ങൾ തീരുമാനിച്ചു.

അതിലൂടെ മണിപ്പൂരിലെ ജനങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അവർ അനുഭവിച്ച യാതനകൾ എന്തൊക്കെയാണെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാകും,’ രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ്‌ മണിപ്പൂരിനൊപ്പമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മണിപ്പൂർ സന്ദർശിക്കാത്തത് എന്നാണ് ജനങ്ങൾ തങ്ങളോട് ചോദിക്കുന്നതെന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്‌ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

രണ്ടാം ദിവസം രാത്രി സംഘം നാഗാലാ‌ൻഡിൽ എത്തുമെന്നും രമേശ്‌ എക്‌സിൽ അറിയിച്ചു.

Content Highlight: Want to make Manipur peaceful, harmonious again: Rahul on second day of Nyay Yatra

We use cookies to give you the best possible experience. Learn more