|

കേന്ദ്രത്തിന്റെ വാക്‌സിന് കാത്തുനില്‍ക്കാതെ മഹാരാഷ്ട്ര; നേരിട്ട് ഇറക്കുമതി ചെയ്ത് മുംബൈയെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യുമെന്ന് ആദിത്യ താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വാക്‌സിന്‍ ക്ഷാമം ശക്തമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും നേരിട്ട് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. മുംബൈയിലെ ജനങ്ങളെ എത്രയും വേഗം വാക്‌സിനേറ്റ് ചെയ്യാനാണ് ഈ നടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുംബൈയ്ക്ക് വേണ്ടി വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് ആഴ്ച കൊണ്ട് മുംബൈയിലെ മുഴുവന്‍ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാനുള്ള കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിന് എത്ര ചെലവാകുമെന്നത് ഒരു പ്രശ്‌നമേയല്ല, എത്രയും വേഗം വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികളെ കുറിച്ചാണ് ആലോചിക്കുന്നത്,’ ആദിത്യ താക്കറെ പറഞ്ഞു.

വാക്‌സിനേഷന്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍സ്വീകരിക്കാന്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അത്തരം സംശയമോ ആശങ്കയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷിതരായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. ഈ ചിന്ത വാക്‌സിനേഷനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഏപ്രില്‍ 14ന് 11,000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1794 പേര്‍ക്ക് മാത്രമാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ എല്ലാ പൗരന്മാരും വാക്‌സിനേറ്റ് ചെയ്യപ്പെടാതെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാവില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു.

നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൊവിന്‍ ആപ്പിനോടൊപ്പം പുതിയ ആപ്പ് കൂടി കേന്ദ്രം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ നിരവധി പേരെത്തുന്നതിനാല്‍ ആപ്പില്‍ അപ്പോയ്‌മെന്റ് ലഭിക്കാനും മറ്റും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയ്ക്ക് ഉദ്ദവ് താക്കറെ കത്തയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Want To Import Vaccine, Can Inoculate Mumbai In 3 Weeks: Aaditya Thackeray

Latest Stories