| Saturday, 27th April 2013, 3:32 pm

ന്യൂനപക്ഷങ്ങള്‍ അധികമായി എന്ത് നേടിയെന്ന് യു.ഡി.എഫ് ചര്‍ച്ച ചെയ്യണം: മുസ്‌ലീം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ന്യൂനപക്ഷങ്ങള്‍ അധികമായി എന്ത് നേടിയെന്ന് യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് മുസലീം ലീഗ്. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പിയുടെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ലീഗ്.[]

വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ചിന്തിക്കുന്നത് പോലെ കേരളം ചിന്തിക്കില്ല. ന്യൂനപക്ഷങ്ങള്‍ അധികമായി എന്ത് നേടിയെന്ന് കണക്കുകള്‍ പരിശോധിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്നും മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടു.

മുസ്‌ലീം ലീഗിന്റെ പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും  കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്നും ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മ്മവും ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്‍.എസ്.എസ്സിന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. സുകുമാരന്റെ പ്രസ്താവന തരംതാണതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്‍.എസ്.എസ്സുംഎസ്.എന്‍.ഡി.പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തുറന്നടിച്ചിരുന്നു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ഇവരുടെ ശ്രമം വിലപ്പോവില്ലെന്നും വി.എസ് പറഞ്ഞു.

ഭരിക്കുന്നവരെ വിരട്ടി കാര്യം നേടാനുള്ള വിലപേശല്‍ തന്ത്രമായി മാത്രം എന്‍.എസ്.എസ്സുംഎസ്-എസ്.എന്‍.ഡി.പി സഖ്യത്തെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more