മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം പിറന്നാളാണ് ഇന്ന്. മലയാള സിനിമയില്‍ എത്തിപ്പെട്ടതിനെ കുറിച്ചും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും തുറന്നുപറയുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
29 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1996 ല്‍ ഖത്തര്‍ ടെലിവിഷന് വേണ്ടി മാധ്യമപ്രവര്‍ത്തക ജിന കോള്‍മാന്‍ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ സംവിധാന മോഹം തുറന്നുപറയുന്നത്. ഛായാഗ്രാഹകനായ എ.വി.എം ഉണ്ണിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്.
എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രം സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമയില്‍ കയറുക എന്നത് ഒരു ഭാഗ്യാന്വേഷണമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
തനിക്ക് ജീവിതം കൊണ്ട് ഭാഗ്യപരീക്ഷണം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് മറ്റു ജോലിയിലൂടെ ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ തയ്യാറായതെന്നും മമ്മൂട്ടി പറയുന്നു.
സിനിമയില്‍ മാത്രമല്ല ഏത് പ്രഫഷനായാലും നമുക്ക് ആളുകളെ ഇംപ്രസ് ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ അതിന് കഠിനാധ്വാനം ആവശ്യമാണെന്നും മമ്മൂട്ടി പറയുന്നുണ്ട്.
മലയാളത്തില്‍ റിയലിസ്റ്റിക് സിനിമകളാണ് കൂടുതല്‍ ഉണ്ടാകുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളാണെങ്കിലും അത് റിയലിസ്റ്റിക്കായിരിക്കുമെന്നും അതുകൊണ്ട് കൂടിയാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ അതിമാനുഷരല്ലെന്നും സാധാരണ മനുഷ്യരാണെന്നും കഥാപാത്രങ്ങളിലേക്ക് താന്‍ ഇറങ്ങിച്ചെല്ലുകയാണെന്നും അല്ലാതെ കഥാപാത്രം തന്നിലേക്ക് എത്തുകയല്ലെന്നും മമ്മൂട്ടി പറയുന്നു.
സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ്. ഒരു സിനിമ ചെയ്യാന്‍ ആവശ്യമായ മാനസികാവസ്ഥയിലല്ല ഞാന്‍, അതിന് വേണ്ട അനുഭവസമ്പത്ത് എനിക്കുണ്ടെന്ന് തോന്നുന്നില്ല. സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് തീര്‍ച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും,’ മമ്മൂട്ടി പറഞ്ഞു.
മക്കളായ ദുല്‍ഖറും സുറുമിയും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് തന്റെ പിതാവ് ഒരു കര്‍ഷകനായിരുന്നെന്നും എന്നാല്‍ തനിക്കൊരിക്കലും കര്‍ഷകനാവാന്‍ ആഗ്രഹമില്ലായിരുന്നെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
‘എന്റെ പിതാവും കര്‍ഷകനാവാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ എന്റെ പാത സ്വയം വെട്ടിത്തെളിക്കുകയായിരുന്നു. അത് തന്നെയാണ് മക്കളുടെ കാര്യത്തിലും. അവര്‍ക്കും അവരുടെ ജീവിതം തീരുമാനിക്കാം, ഞാനവര്‍ക്ക് വിട്ടുകൊടുക്കുകയാണ്,’ മമ്മൂട്ടി പറഞ്ഞു.
അഭിനേതാവ് എന്നാല്‍ ഒരു പരിധിവരെ നാര്‍സിസ്റ്റായിരിക്കണം. ആദ്യം നമ്മള്‍ നമ്മളെ തന്നെ സന്തോഷിപ്പിക്കണം. എന്നാല്‍ മാത്രമേ ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ നമുക്കാവൂ, അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
മലയാളത്തിലെ സംവിധായകരായ ജോഷിയെ കുറിച്ചു ലോഹിതദാസിനെ കുറിച്ചും നടന്മാരായ മുരളി, സിദ്ധിഖ്, സൈനുദ്ധീന്‍, കൊച്ചിന്‍ ഹനീഫ, ലക്ഷ്മി, ശോഭന, ജലജ തുടങ്ങിയവരെ കുറിച്ചുമെല്ലാം മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. വളരെ കുറഞ്ഞ കലാകാരന്മാര്‍ മാത്രമുള്ള ഒരു ഇന്‍ഡസ്ട്രിയായിട്ടും എല്ലാ രംഗത്തും ദേശീയ അവാര്‍ഡുകള്‍ നേടുന്ന സിനിമാ മേഖലയാണ് മലയാളമെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.