ജയ്പൂര്‍: നിയമസഭാ സമ്മേളനത്തില്‍ വിമത എം.എല്‍.എമാരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അവരെല്ലാം കോണ്‍ഗ്രസ് ചിഹ്നത്തിലാണ് ജയിച്ചതെന്നും ഗെലോട്ട് പറഞ്ഞു.
‘കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിച്ച അസംതൃപ്തരായ ആ വിമത എം.എല്‍.എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവര്‍ സര്‍ക്കാരിനൊപ്പമാണ് നില്‍ക്കുന്നത് എന്ന് എനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അത് എന്റെ ഉത്തരവാദിത്വമാണ്’, ഗെലോട്ട് പറഞ്ഞു.
ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ തങ്ങളും പങ്കെടുക്കുമെന്ന നിര്‍ണായക തീരുമാനം വിമത ക്യാമ്പിലെ എം.എല്‍.എമാര്‍ അറിയിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഹരിയാനയിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് വിവരം. കോണ്‍ഗ്രസുമായി പിണങ്ങിയതിന് ശേഷം സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും ജയ്പൂരിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിലേക്ക് ആദ്യമായാണ് എത്തുന്നത്.
മടങ്ങിവരവിന് സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന എന്‍.ഡി ടി.വിയുടെ ചോദ്യത്തിനോട് പൈലറ്റ് ക്യാമ്പിലെ ഒരു എം.എല്‍.എയാണ് പ്രതികരിച്ചത്. ‘തീര്‍ച്ചയായും മടങ്ങിയെത്തും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും’, എന്നാണ് അദ്ദേഹം പറഞ്ഞത്.
വിമത എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സ്വാഭാവികമായും അവര്‍ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യരാക്കപ്പെടും. നിലവില്‍ മന്ത്രിസഭയില്‍നിന്നും അയോഗ്യരാക്കിയ നടപടിക്കെതിരെ സ്പീക്കര്‍ സി.പി ജോഷിയുമായി നിയമ പോരാട്ടത്തിലാണ് ഇവര്‍.
സ്പീക്കറുടെ നീക്കത്തെ ചോദ്യം ചെയ്ത് ജൂണ്‍ 15ന് പൈലറ്റ് ക്യാമ്പ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നിലവില്‍ തന്റെ സര്‍ക്കാരിന് 102 എം.എല്‍.എമാരുടെ ഭൂരിപക്ഷമുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. 200 അംഗ നിയമസഭയില്‍ 101 ആണ് കേവല ഭൂരുപക്ഷം.
വിമത നീക്കം എങ്ങനെയൊക്കെയായിരിക്കും എന്നതാണ് ഗെലോട്ടിന് മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നത്. 30 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് പൈലറ്റ് ക്യാമ്പിന്റെ വാദം. എന്നാല്‍ ഇതില്‍ 19 പേരുടെ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ വ്യക്തതയുള്ളു.
ഇവര്‍ സഭയിലെത്തി സര്‍ക്കാരിനെതിരായി വോട്ട് രേഖപ്പെടുത്തിയാല്‍ ഗെലോട്ടും സര്‍ക്കാരും പരുങ്ങലിലായേക്കും. വിപ്പ് ലംഘിച്ചതിന് വിമതരെ അയോഗ്യരാക്കാമെങ്കിലും ആദ്യം വീഴുന്നത് സര്‍ക്കാരായിരിക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക