കൊല്‍ക്കത്ത: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആയിരിക്കുമെന്ന് അടുത്തിടെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്ന ബാബുല്‍ സുപ്രിയോ. പ്രധാനമന്ത്രി പദത്തിലേക്ക് നിലവില്‍ മുന്‍നിരയിലുള്ള പേര് മമതയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ നേതാവ് (മമത) പ്രധാനമന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
നേരത്തെ തൃണമൂല്‍ മുഖപത്രമായ ‘ജാഗോ ബംഗ്ലാ’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബദലാകാന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിയോയുടെ പരാമര്‍ശം.
നേരത്തേയും തൃണമൂല്‍ നേതാക്കള്‍ മമതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. മാത്രമല്ല ബംഗാളിന് പുറത്തേക്ക് പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമത്തിലാണ് മമത.
പാര്‍ട്ടി വിട്ടവരേയും മറ്റ് പാര്‍ട്ടികളിലുള്ളവരേയും തൃണമൂലിലേക്കെത്തിക്കാന്‍ തൃണമൂലിനായിട്ടുണ്ട്. ബംഗാള്‍ തെരഞ്ഞെടുപ്പോടെ ലഭിച്ച ജനപിന്തുണ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയാക്കാനാണ് മമതയുടെ നീക്കം.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലില്‍ എത്തിയത്.
കേന്ദ്രമന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ ബി.ജെ.പി വിട്ടത്.
താന്‍ ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. പിന്നീട്, അദ്ദേഹം തന്റെ തീരുമാനം മാറ്റി താന്‍ ഒരു പാര്‍ലമെന്റ് അംഗമായി തുടരുമെന്ന് പറയുകയും ചെയ്തു.
രാഷ്ട്രീയത്തില്‍നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി വിട്ട് ഒരുമാസം കഴിയുമ്പോഴാണ് തൃണമൂലിലേക്ക് അദ്ദേഹം പോയത്.
ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രിയോ പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് വലിയം ക്ഷീണം തന്നെയാണ്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യത്തിനായി മമത ശ്രമിച്ചിരുന്നു. ഇതിനായി സോണിയ ഗാന്ധി, ശരദ് പവാര്‍ എന്നീ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.