വീണ്ടും വാനാക്രൈ മോഡല്‍ ആക്രമണം; തിരുവനന്തപുരം സഹകരണ ബാങ്കിനു നേരെ സൈബര്‍ ആക്രമണം
WannaCry
വീണ്ടും വാനാക്രൈ മോഡല്‍ ആക്രമണം; തിരുവനന്തപുരം സഹകരണ ബാങ്കിനു നേരെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2017, 3:22 pm

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് വാനാക്രൈ മാതൃകയില്‍ സൈബര്‍ ആക്രമണമുണ്ടായത്.

ഫയലുകള്‍ തിരികെക്കിട്ടാന്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും ഇതിനൊപ്പം ലഭിച്ചു. ബാങ്കിന്റെ സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്‌ക്രീനില്‍ തെളിയുകയുമായിരുന്നു.

വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ടായ വാനാക്രൈ ആക്രമണത്തിന്റെ ഭാഗമായി കേരളത്തിലും നിരവധി സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ആക്രമണം നടന്നിരുന്നു.

പത്തനംതിട്ട, വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളായിരുന്നു അന്ന് ആക്രമണത്തിനിരയായത്.