| Tuesday, 30th August 2016, 2:22 pm

സിനിമ നിര്‍മാണത്തിന് പണത്തിനായി കോടീശ്വരന്റെ മകനെ തട്ടിക്കൊണ്ടുപോയി: നടനും മേക്കപ്പ്മാനും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: മുടങ്ങിപ്പോയ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള പണം കണ്ടെത്താന്‍ തട്ടിക്കൊണ്ടുപോകല്‍. കന്നട ചലച്ചിത്ര രംഗത്തെ യുവനായക നടനും മേക്കപ്പ്മാനും ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തു നടത്തിയത്.

കിര്‍ലോസ്‌കര്‍ കമ്പനിയുടെ മുതിര്‍ന്ന എക്‌സിക്യുട്ടീവിന്റെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ വിദ്യാര്‍ത്ഥിയായ ഇഷാന്‍ ഭപത് എന്ന 19 കാരനെ കോളജില്‍ നിന്നും വീട്ടിലേക്കു വരുംവഴി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആഗസ്റ്റ് 23നാണ് സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു. നടന്‍ ഈശ്വര്‍, മേക്കപ്പ് മാന്‍ ഹസന്‍ ദോംഗ്രി മുഹമ്മദ് ഗൗസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പോലീസ് പറയുന്നു.

ചലഞ്ചര്‍ എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരായിരുന്നു ഇവര്‍. ചലഞ്ചര്‍ പാതിവഴിയിലായതോടെ നിരാശയിലായ ഈശ്വരും ദോംഗ്രിയും ജഗദീഷ് മുനി, ആഞ്ചനപ്പ, ദുമ്മജഗ, മനോജ് രാജ് കെഞ്ച എന്നിവരുടെ സഹായത്തോടെ ഇഷാനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇവര്‍ ആദ്യം ഇഷാന്റെ കാമുകിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കമ്മീഷണര്‍ എന്‍.എസ് മേഘ്ഹരിഖ് പറയുന്നു. ഇഷാനും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പെണ്‍കുട്ടി മൈന്റ് ചെയ്യാതായതോടെ ഇഷാനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഇഷാനെ തട്ടിക്കൊണ്ടുപോയ ഇവര്‍ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യമായി 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഇഷാന്റെ കൂട്ടുകാരാണ് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചത്. കാമുകി ഭീഷണി വിവരം പോലീസുകാരോട് പറഞ്ഞിരുന്നു. ഞായറാഴ്ച ദോംഗ്രി വീണ്ടും ഇഷാന്റെ കാമുകിയെ വിളിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പൊലീസിനു കൈമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകിയെ കൊണ്ട് പൊലീസ് സംഘത്തെ വിളിപ്പിച്ചു.

പെണ്‍കുട്ടിയില്‍ നിന്നും പണംവാങ്ങാനായി എത്തിയ ദോംഗ്രിയെ ജലഹളളിക്ക് സമീപത്തുവെച്ച് പോലീസ് അറസ്റ്റു ചെയ്യുകയും വൈകുന്നേരത്തോടെ മുഴുവന്‍ സംഘത്തെയും കുടുക്കുകയും ചെയ്തു.

ഓട്ടോ ഡ്രൈവറുടെ വേഷമിട്ട ചിക്കജാലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ നവീണ്‍ കുമാറിനൊപ്പമാണ് പെണ്‍കുട്ടി എത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more