ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ വീണ്ടും ഫൈഫര്‍ തികച്ചുകൊണ്ടായിരുന്നു ശ്രീലങ്കന്‍ മിസ്റ്ററി സ്പിന്നര്‍ വാനിന്ദു ഹസരംഗ തരംഗമായത്. കഴിഞ്ഞ ദിവസം ക്യൂന്‍സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് 79 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ഹാരി ടെക്ടര്‍, ഗാരെത് ഡിലാനി, മാര്‍ക് അഡയര്‍, ജോഷ്വാ ലിറ്റില്‍ എന്നിവരെയാണ് ഹസരങ്ക മടക്കിയത്.
ക്വാളിഫയറിലെ ആദ്യ രണ്ട് മത്സരത്തിലും ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. നേരത്തെ യു.എ.ഇക്കെതിരെയും ഒമാനെതിരെയുമാണ് ഹസരങ്ക ഫൈഫര്‍ നേടിയത്.
ഈ ഫൈഫറിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഹസരങ്കയെ തേടിയെത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത് താരമാകാനും ഹസരങ്കക്കായി. 1990 ക്രിക്കറ്റ് ഇതിഹാസം വഖാര്‍ യൂനിസാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
1990 നവംബറിലായിരുന്നു വഖാര്‍ യൂനിസിന്റെ റെക്കോഡ് നേട്ടം. ന്യൂസിലാന്‍ഡിന്റെ പാക് പര്യടനത്തിലായിരുന്നു വഖാര്‍ യൂനിസ് ആ നേട്ടത്തിന് തുടക്കമിട്ടത്. പെഷവാറില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വഖാര്‍ യൂനിസ് സിലാകോട്ടില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.
ശേഷം കറാച്ചിയില്‍ വിന്‍ഡീസിനെതിരെയായിരുന്നു വഖാര്‍ യൂനസിന്റെ ഹാട്രിക് ഫൈഫര്‍ പിറന്നത്. 52 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് പിഴുതെറിഞ്ഞത്.
അതേസമയം, യു.എ.ഇക്കെതിരെ നടന്ന മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയാണ് ഹസരങ്ക ക്വാളിഫയര്‍ ക്യാംപെയ്‌നിന് തുടക്കമിട്ടത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ ചരിത് അസലങ്കയുടെ കൈകളിലെത്തിച്ചാണ് ഹസരങ്ക തുടങ്ങിയത്. പിന്നാലെ ബേസില്‍ ഹമീദിനെയും ആസിഫ് ഖാനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയ ഹസരങ്ക റമീസ് ഷഹസാദ്, അയാന്‍ അഫ്സല്‍ ഖാന്‍, മുഹമ്മദ് ജവാദ് ഉല്ലാഹ് എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയും മടക്കി.
ഒമാനെതിരായ മത്സരത്തില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക ഫൈഫര്‍ തികച്ചത്. ഓപ്പണര്‍ ജിതേന്ദര്‍ സിങ്ങിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ഹസരങ്ക ഒമാന്‍ വേട്ട തുടങ്ങിയത്. പിന്നാലെ ജയ് ഒഡേദര, ബിലാല്‍ ഖാന്‍ എന്നിവരെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ഹസരങ്ക അയാന്‍ ഖാനെ ധനഞ്ജയ ഡി സില്‍വയുടെ കൈകളിലെത്തിച്ചും ഷോയ്ബ് ഖാനെ ക്ലീന്‍ ബൗള്‍ഡാക്കിയും പുറത്താക്കി.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം പോള്‍ സ്റ്റെര്‍ലിങ്ങിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ട ആരംഭിച്ച താരം മാര്‍ക് അഡയറിനെ ദാസുന്‍ ഷണകയുടെ കൈകളിലെത്തിച്ചും പവലിയനിലേക്ക് തിരിച്ചയച്ചു. ജോഷ്വാ ലിറ്റിലിനെ റിട്ടേണ്‍ ക്യാച്ചായി പുറത്താക്കിയപ്പോള്‍ ഹാരി ടെക്ടറും ക്യാപറ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും എല്‍.ബി.ഡബ്ല്യൂവിലൂടെയും പുറത്താക്കി. ഇതോടെയാണ് ഹസരങ്ക വഖാര്‍ യൂനിസിനൊപ്പമെത്തിയത്.
സ്‌കോട്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ വീണ്ടും ഫൈഫര്‍ തികച്ചാല്‍ തുടര്‍ച്ചയായ നാല് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ താരം എന്ന റെക്കോഡും ഹസരങ്കയുടെ പേരിലാകും.
ഇതിനൊപ്പം തന്നെ ഒരു മോശം റെക്കോഡും ഹസരങ്ക സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ സെക്കന്‍ഡ് മോസ്റ്റ് എക്‌സപെന്‍സീവ് ഫൈഫറായിരുന്നു ഹസരങ്ക സ്വന്തമാക്കിയത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലീഷ് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് 85 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് പട്ടികയില്‍ ഒന്നാമതായി തുടരുന്നത്.
Content highlight: Wanindu Hasranga equals Waqar Yunis’ 32 year old record