| Wednesday, 23rd February 2022, 7:09 pm

എല്ലാം കൊണ്ടും സഞ്ജുവിനിത് നല്ല കാലം, ഒപ്പം ഇന്ത്യയ്ക്കും; ബാറ്റര്‍മാരുടെ പേടിസ്വപ്‌നം കളിക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലാണ് താരം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ടീമില്‍ ഇടം നേടിയതിന് പിന്നാലെ ഒരു സന്തോഷ വാര്‍ത്തകൂടി സഞ്ജുവിനെ തേടിയെത്തിയിരിക്കുകയാണ്. ശ്രീലങ്കയുടെ ബൗളിംഗ് നിരയുടെ കുന്തമുനയായ വാനിന്ദു ഹസരങ്ക കളിക്കില്ല എന്ന വാര്‍ത്തയാണ് താരത്തിന് ആശ്വാസമാവുന്നത്.

ഓസീസ് പര്യടനത്തിനിടെ കൊവിഡ് പൊസിറ്റീവായ താരം ഇനിയും രോഗമുക്തനാവാത്തതിനെ തുടര്‍ന്നാണ് പരമ്പരയില്‍ കളിക്കാത്തത്.

മുത്തയ്യ മുരളീധരനും മെന്‍ഡിസിനും ശേഷം ശ്രീലങ്ക കണ്ട ഏറ്റവും പ്രതിഭാശാലിയായ സ്പിന്നറാണ് ഹസരങ്ക. താരം ടീമിലില്ലാത്തത് ശ്രീലങ്കയുടെ പ്രകടനത്തെ കാര്യമായി തന്ന ബാധിക്കുമെന്നുറപ്പാണ്.

സഞ്ജുവിനെതിരെ മികച്ച ബൗളിംഗ് റെക്കോഡാണ് താരത്തിനുള്ളത്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ 11 പന്തുകളില്‍ നിന്നും മൂന്ന് തവണയാണ് സഞ്ജു ഹസരങ്കയ്ക്ക് വിക്കറ്റ് സമ്മാനിച്ചത്. ഇക്കാരണം കൊണ്ടും സഞ്ജുവിന്റെത് ‘നല്ല ബെസ്റ്റ് ടൈം’ എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള താരമാണ് ഹസരങ്ക. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ശ്രീലങ്കയില്‍ പര്യടനത്തില്‍ ഹസരങ്കയുടെ ഓള്‍റൗണ്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്നു ട്വന്റി-20 മത്സരങ്ങളില്‍നിന്നായി ഹസരംഗ ഏഴു വിക്കറ്റാണ് വീഴ്ത്തിയത്. പിന്നാലെ താരം റാങ്കിംഗില്‍ രണ്ടാമതെത്തുകയും ചെയ്തിരുന്നു.

നേരത്തെ, രമേശ് മെന്‍ഡിസ്, നുവാന്‍ തുഷാര, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവരെ ഒഴിവാക്കിയാണ് ശ്രീലങ്ക ഇന്ത്യക്കെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ചത്. പരിക്കുമൂലമാണ് മൂന്ന് പേരെയും ഒഴിവാക്കിയത്.

18 അംഗ ടീമില്‍ പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ദിനേശ് ചണ്ഡിമല്‍, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഓസീസിനെതിരെ 4-1ന്റെ പരാജയമേറ്റവാങ്ങിയാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

Content highlight: Wanindu Hasaranga wont play against India

We use cookies to give you the best possible experience. Learn more