ലോകം കണ്ട എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറാണ് മുത്തയ്യ മുരളീധരന്‍. വിക്കറ്റുകളുടെ എണ്ണത്തിലാണെങ്കിലും ബൗളിംഗിലെ കരീസ്മയിലാണെങ്കിലും കളിക്കളത്തിലെ മര്യാദയിലാണെങ്കിലും ലങ്കയുടെ സ്പിന്‍ വിസാര്‍ഡ് എന്നും മുന്നില്‍ തന്നെയാണ്.
ഓഫ് സ്പിന്നിന്റെ വശ്യത ലോകത്തിന് കാണിച്ചുകൊടുത്തവയായിരുന്നു താരത്തിന്റെ മാന്ത്രിക വിരലുകള്‍. പാശ്ചാത്യ ക്രിക്കറ്റ് ലോകം എന്നും പേടിയോടെ കണ്ടവയായിരുന്നു താരത്തിന്റെ കുത്തിത്തിരിപ്പന്‍ പന്തുകള്‍.
ഇപ്പോഴിതാ, മുത്തയ്യയുടെ പിന്‍ഗാമിയായി ശ്രീലങ്കയില്‍ നിന്നും പുത്തന്‍ താരോദയും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ക്രിക്കറ്റ് പിച്ചില്‍ ലെഗ് സ്പിന്നില്‍ തന്റെ വിരുത് കാട്ടിയ വാനിന്ദു ഹസരങ്കയാണ് മുത്തയ്യയുടെ പിന്‍ഗാമിയാവാന്‍ ഇപ്പോള്‍ സര്‍വദാ യോഗ്യനായിട്ടുള്ളത്.
ഐ.പി.എല്‍ 2022ല്‍ താരത്തിന്റെ പ്രകടനം മാത്രമെടുത്താല്‍ തന്നെ ഹസരങ്ക എത്രത്തോളം അപകടകാരിയാകുമെന്ന് വ്യക്തമാവും. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ യൂസ്വേന്ദ്ര ചഹലിനെ പിന്തള്ളി ഒന്നാമനായ ഹസരങ്കയുെട ബൗളിംഗ് സ്റ്റാറ്റുകള്‍ ഏതൊരു ക്രിക്കറ്റ് ആരാധകനേയും ഹരം കൊള്ളിക്കും.
13 മത്സരങ്ങളില്‍ നിന്നുമായി 43 വിക്കറ്റുകളാണ് താരം പിഴുതെടുത്തത്. 45 ഓവര്‍ പന്തെറിഞ്ഞ ഹസരങ്ക വിട്ടുനല്‍കിയത് 337 റണ്‍സ് മാത്രമാണ്. അതായത് എക്കോണമി 7.48.
നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും ഓരോ തവണ സ്വന്തമാക്കിയ ഹസരങ്കയുടെ ബെസ്റ്റ് ബൗളിംഗ് ഫിഗര്‍ 18 റണ്‍സിന് 5 വിക്കറ്റ് എന്നുള്ളതാണ്. 120 ഡോട്ട് ബോളുകളാണ് താരം സീസണില്‍ എറിഞ്ഞത്.
ആര്‍.സി.ബിക്ക് വേണ്ടി മാത്രമല്ല, ശ്രീലങ്കയ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഏകദിനത്തിലേയും ടെസ്റ്റിലേയും താരത്തിന്റെ കണക്കുകള്‍ മികച്ചതുതന്നെയാണ്.
മുത്തയ്യ മുരളീധരന് പോലുള്ള ഒരു താരത്തിന് കീഴില്‍ വേണ്ട പരിശീലനം ലഭിച്ചാല്‍, ഒരുപക്ഷേ മുത്തയ്യയുടേയും വോണിന്റേയും കുംബ്ലെയുടെയും പേരിനൊപ്പം ഭാവിയില്‍ ഹസരങ്കയുടെ പേരും കാണാന്‍ സാധിക്കും.
പതനത്തിന്റെ പാതയില്‍ കുതിക്കുന്ന ശ്രീലങ്കയ്ക്കും ശ്രീലങ്കന്‍ ക്രിക്കറ്റിനും ഹസരങ്കയെ പോലെയുള്ള താരങ്ങള്‍ അനുഗ്രഹം തന്നെയാണ്.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹസരങ്കയും മഹീഷ് തീക്ഷണയും ഭാനുക രാജപക്‌സെയുമടങ്ങുന്ന ലങ്കന്‍ നിരയ്ക്ക് എത്രത്തോളം സ്‌ഫോടനശേഷിയുണ്ടെന്ന് വരാനിരിക്കുന്ന ടി 20 ലോകകപ്പില്‍ വ്യക്തമാവും.