ടി-20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ രണ്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് വമ്പന്‍ വിജയം സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് മികച്ച തുടക്കം ആയിരുന്നു. പത്തും നിസംഗ 28 പന്തില്‍ 47 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ശേഷം കുശാല്‍ മെന്‍ഡിസും കമിന്ദു മെഡിസും നന്നായി കളിക്കാതെ മടങ്ങിയപ്പോള്‍ ധനഞ്ജയ ഡി സില്‍വയാണ് 21 റണ്‍സ് നേടി കളി തിരിച്ചുകൊണ്ടുവന്നത്.
ചരിത് അസലങ്ക 19 റണ്‍സ് നേടി. പിന്നീടങ്ങോട്ട് ടീമിന് വിക്കറ്റ് തകര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ ഹസരംഗ പൂജ്യം റണ്‍സിനാണ് പുറത്തായത്. സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ലങ്കയുടെ ആദ്യ മത്സരത്തിലും ക്യാപ്റ്റന്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. ഇതോടെ തോല്‍വിയുടെ കാരണം വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍.
‘ആദ്യ 10 ഓവറില്‍ ഞങ്ങള്‍ നന്നായി തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ഞങ്ങള്‍ മോശമായി ബാറ്റ് ചെയ്തു. ബൗളിങ് ആണ് ഞങ്ങളുടെ ശക്തി. 150-160 റണ്‍സ് നേടിയിരുന്നെങ്കില്‍ ബൗളിങ് അറ്റാക്കിലൂടെ ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു. രണ്ട് കളികളിലും ബാറ്റര്‍മാര്‍ ഞങ്ങളെ നിരാശപ്പെടുത്തി. ഞങ്ങള്‍ക്ക് ഇപ്പോഴും രണ്ട് ഗെയിമുകള്‍ ഉണ്ട്, ഞങ്ങളുടെ പരമാവധി ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞാനും മഹീഷും രണ്ട് പ്രധാന സ്പിന്നര്‍മാരാണ്, ഞങ്ങള്‍ ആക്രമിക്കേണ്ടതുണ്ട്,’ വനിന്ദു ഹസരംഗ പറഞ്ഞു.
മത്സരത്തില്‍ ബംഗ്ലാദേശിനു വേണ്ടി മുസ്തഫീസൂര്‍ റഹ്‌മാന്‍, റാഷിദ് ഹുസൈന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകളും തസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹൃദ്യോയി 40 റണ്‍സും ലീഡണ്‍ ദാസ് 36 റണ്‍സും മഹ്‌മദുള്ള 16 റണ്‍സും നേടി.