| Friday, 12th January 2024, 8:55 am

ഹസരംഗ സിംബാബ്‌വയെ കത്തിച്ചു, സ്വന്തമാക്കിയത് കരിയറിലെ ഏറ്റവും വലിയ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വയെ എട്ട് വിക്കറ്റിന് തകര്‍ത്ത് മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ മഴമൂലം കളി ചുരുക്കിയപ്പോള്‍ സിംബാബ്‌വെ നേടിയ 96 റണ്‍സിന്റെ വിജയലക്ഷ്യം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 2-0 എന്ന നിലയിലാണ് ശ്രീലങ്ക പരമ്പര വിജയിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.

വനിന്ദു ഹസരംഗയുടെ മികച്ച പ്രകടനത്തിലാണ് ശ്രീലങ്ക ഈ മിന്നും വിജയം സ്വന്തമാക്കിയത്. ഏഴ് തകര്‍പ്പന്‍ വിക്കറ്റുകള്‍ നേടിയാണ് ഹസരംഗ എതിരാളികളെ കത്തിച്ചു ചാമ്പലാക്കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോയ്‌ലോഡ് ഗുംബി 29 (34), തകുദ്‌സ്വനഷെ കൈതനോ 17 (24) എന്നീ താരങ്ങളെ പുറത്താക്കിയാണ് ഹസരംഗ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സിംബാബ്‌വെ ക്യാപ്റ്റന്‍ ക്രെയ്ഗ് എര്‍വിനെ പൂജ്യം റണ്‍സിനാണ് ഹസരംഗ പിഴുതെറിഞ്ഞത്. ശേഷം മില്‍ട്ടണ്‍ ഷുംബയെ രണ്ടു റണ്‍സിന് പുറത്താക്കിയതോടെ ആദ്യ നാല് കളിക്കാരെയാണ് തന്റെ സ്പിന്‍ മാന്ത്രികം കൊണ്ട് ഹസരംഗ കൂടാരം കയറ്റിയത്.

സിംബാബ്‌വെയുടെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന സിക്കന്ദര്‍ റാസ 11 റണ്‍സ് എടുത്തപ്പോള്‍ കുശാല്‍ മെന്‍ഡീസിന്റെ കൈകളില്‍ വീഴുകയായിരുന്നു. മഹേഷ് തീക്ഷണക്കാണ് റാസയുടെ വിക്കറ്റ്. ശേഷം ക്ലൈവ് മദാന്‍ഡയെ ഹസരംഗ പൂജ്യത്തിന് പുറത്താക്കി ഫൈഫര്‍ തികക്കുകയായിരുന്നു. തന്റെ കരിയറിലെ നാലാമത് ഫൈഫറാണ് ഇതോടെ ഹസരംഗ പൂര്‍ത്തിയാക്കുന്നത്. 14 റണ്‍സ് നേടിയ ലൂക്ക് ജോങ് വെയെ മധുശങ്ക പറഞ്ഞയച്ചതോടെ വെല്ലിങ്ടണ്‍ മസകാഡ്‌സ, മുസറബാണിയ എന്നിവരെയും പുറത്താക്കി ഏഴ് തകര്‍പ്പന്‍ വിക്കറ്റുകളാണ് ഹസരംഗ സ്വന്തമാക്കിയത്. മൂന്ന് ഡക്ക് വിക്കറ്റുകള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ വിക്കറ്റ് വേട്ട.

ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം നല്‍കിയിട്ടും രണ്ടു മഴ ഇടവേളകള്‍ക്ക് ശേഷം 23 ഓവറില്‍ 96 റണ്‍സിനാണ് ടീം തകര്‍ന്നത്
മഴ കാരണം രണ്ടുതവണ തടസ്സപ്പെട്ട കളി 27 ഓവറാക്കി ചുരുക്കുകയായിരുന്നു.

ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി ശ്രീലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. 51 പന്തില്‍ 66 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. ഒന്‍മ്പത് ബൗണ്ടറികളും ഒരു സിക്‌സറും അടക്കം പുറത്താകാതെയാണ് മെന്‍ഡിസ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഓപ്പണര്‍ ഡാനിയല്‍ 12 റണ്‍സിന് പുറത്തായപ്പോള്‍ മെന്‍ഡിസിന് കൂട്ടുനിന്ന് സതീര സമരവിക്രമ 14 റണ്‍സും നേടി.

Content  Highlight: Wanindu Hasaranga takes 7 wickets Against zimbabwe

Latest Stories

We use cookies to give you the best possible experience. Learn more