| Saturday, 19th August 2023, 1:21 pm

എത്ര വിക്കറ്റ് വീഴ്ത്തിയാലും ആര്‍ത്തി മാറാത്ത ഒരുത്തന്‍; പിന്നേം റെക്കോഡിട്ട് മാജിക്കല്‍ സ്പിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലങ്ക പ്രീമിയര്‍ ലീഗില്‍ വീണ്ടും റെക്കോഡ് നേട്ടവുമായി ബി ലവ് കാന്‍ഡിയുടെ മാജിക്കല്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക. എല്‍.പി.എല്ലില്‍ ജാഫ്‌ന കിങ്‌സിനെതിരായ മത്സരത്തിലാണ് ഹസരങ്ക വീണ്ടും റെക്കോഡ് നേട്ടവുമായി തിളങ്ങിയത്.

വെറും ഒമ്പത് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഹസരങ്ക തരംഗമായത്. ലങ്ക പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗേഴ്‌സാണിത്. ടി-20യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച 13ാമത് ബൗളിങ് പ്രകടനം എന്ന റെക്കോഡും ഇതോടെ ബി ലവ് കാന്‍ഡി ക്യാപ്റ്റന്റെ പേരിലായി.

ഓപ്പണര്‍ ക്രിസ് ലിന്‍, ദുനിത് വെല്ലാലാഗെ, ഡേവിഡ് മില്ലര്‍, അസേല ഗുണരത്‌നെ, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര എന്നിവരെയാണ് ഹസരങ്ക പുറത്താക്കിയത്. 3.2 ഓവറില്‍ 2.70 എന്ന മികച്ച എക്കോണമിയിലാണ് താരം ഈ നേട്ടം കൈവരിച്ചത്.

ലങ്ക പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – ടീം – വഴങ്ങിയ റണ്‍സ് – വിക്കറ്റ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

1. വാനിന്ദു ഹസരങ്ക – ബി ലവ് കാന്‍ഡി – 9 – 6 – ജാഫ്‌ന കിങ്‌സ് – 2023

2. ജെഫ്രി വാന്‍ഡേര്‍സേ – കൊളംബോ സ്റ്റാര്‍സ് – 25 – 6 – കാന്‍ഡി വാറിയേഴ്‌സ്

3. നുവാന്‍ തുഷാര – ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് – 13 – 5 – ജാഫ്‌ന കിങ്‌സ് – 2021

4. കാസുന്‍ രജിത – കൊളംബോ സ്റ്റാര്‍സ് – 22 – 5 – ദാംബുള്ള ഓറ – 2022

5. മുഹമ്മദ് ആമിര്‍ – ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് – 26 – 5 – കൊളംബോ കിങ്‌സ് – 2020 (ലങ്ക പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം)

അതേസമയം, ഹസരങ്കയുടെ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ കാന്‍ഡി 61 റണ്‍സിന് വിജയിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബി ലവ് കാന്‍ഡിക്കായി ഓപ്പണര്‍ മുഹമ്മദ് ഹാരിസ് തകര്‍ത്തടിച്ചു. 49 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്‌സറും അടക്കം 79 റണ്‍സാണ് താരം നേടിയത്.

24 പന്തില്‍ 41 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ഡിമലും 11 പന്തില്‍ 19 റണ്‍സുമായി ഹസരങ്കയും കട്ടക്ക് കൂടെ നിന്നപ്പോള്‍ കാന്‍ഡി സ്‌കോര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188ലെത്തി.

ജാഫ്‌നക്കായി നുവാന്‍ തുഷാര നാല് വിക്കറ്റ് നേടിയപ്പോള്‍ മഹീഷ് തീക്ഷണയും ആസേല ഗുണരത്‌നെയും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാഫ്‌ന കിങ്‌സ് ഹസരങ്ക സ്‌റ്റോമില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒന്നാകെ നിലംപൊത്തുകയായിരുന്നു. 17.2 ഓവറില്‍ 127 റണ്‍സിന് ടീം ഓള്‍ ഔട്ടായി മടങ്ങി.

ഹസരങ്ക ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുജീബ് ഉര്‍ റഹ്‌മാന്‍, അസഹന്‍ അരാച്ചിഗെ, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ശനിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറാണ് ഇനി ഹസരങ്കക്ക് മുമ്പിലുള്ളത്. ഗല്ലെ ടൈറ്റന്‍സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച ദാംബുള്ള ഓറയുമായി ഫൈനലില്‍ ഏറ്റുമുട്ടും.

Content Highlight: Wanindu Hasaranga scripts LPL history by scalping 6 wickets

We use cookies to give you the best possible experience. Learn more