ലങ്ക പ്രീമിയര്‍ ലീഗില്‍ വീണ്ടും തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവുമായി വാനിന്ദു ഹസരങ്ക. ബി ലവ് കാന്‍ഡി – ഗല്ലെ ടൈറ്റന്‍സ് മത്സരത്തിലാണ് ഹസരങ്ക വീണ്ടും തീയായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ വിരുത് കാണിച്ചാണ് ഹസരങ്ക ടൈറ്റന്‍സിന് മേല്‍ പടര്‍ന്നുകയറിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാന്‍ഡിക്കായി മുഹമ്മദ് ഹാരിസും ഫഖര്‍ സമാനും മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. ആദ്യ വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഹാരിസ് മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ഡിമലിനെ കൂട്ടുപിടിച്ചായി സമാന്റെ വെടിക്കെട്ട്. ടീം സ്‌കോര്‍ 75 നില്‍ക്കവെ ചണ്ഡിമലും പുറത്തായി.
പിന്നാലെയെത്തിയ ഏയ്ഞ്ചലോ മാത്യൂസും തകര്‍ത്തടിച്ചു. ടീം സ്‌കോര്‍ 100 കടത്തി ഫഖര്‍ സമാന്‍ ലാഹിരു സമരകൂനിന് വിക്കറ്റ് നല്‍കി മടങ്ങി. 35 പന്തില്‍ നിന്നും 45 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഇതിന് ശേഷമാണ് ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക ക്രീസിലെത്തിയത്.
27 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 64 റണ്‍സാണ് താരം നേടിയത്. 237.04 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഹസരങ്ക റണ്ണടിച്ചുകൂട്ടിയത്. ഇതിനിടെ 23 പന്തില്‍ 40 റണ്‍സ് നേടിയ മാത്യൂസിനെ കാന്‍ഡിക്ക് നഷ്ടമായിരുന്നു.
204 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഗല്ലെക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്. ഇതില്‍ മൂന്ന് പേരും ഒറ്റയക്കത്തിനാണ് മടങ്ങിയത്.
17 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ലസിത് ക്രൂസ്പുലെ മാത്രമാണ് ടോപ് ഓര്‍ഡറില്‍ ചെറുത്ത് നിന്നത്. ആ വിക്കറ്റ് തന്നെ വീഴ്ത്തിക്കൊണ്ടാണ് ഹസരങ്ക തന്റെ സ്‌പെല്‍ ആരംഭിച്ചത്.
പിന്നാലെ ഷാകിബ് അല്‍ ഹസന്‍, തബ്രിയാസ് ഷംസി, റിച്ചാര്‍ഡ് എന്‍ഗരാവ എന്നിവരും ഹസരങ്കക്ക് മുമ്പില്‍ വീണു. 3.4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് മാജിക്കല്‍ സ്പിന്നര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.
കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ബൗളിങ്ങില്‍ ഹസരങ്കക്ക് തുണയായി നുവാന്‍ പ്രദീപും കത്തിക്കയറി. മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്.
B-Love Kandy reigns supreme! A dominant performance leads to a resounding victory by 89 runs. Congratulations to the team for a stunning win! 🏆🎉
ഒടുവില്‍ 16.4 ഓവറില്‍ ഗല്ലെ ടൈറ്റന്‍സ് 114 റണ്‍സിന് ഓള്‍ ഔട്ടായി. ക്രൂസ്പുലെക്ക് പുറമെ 25 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ ലാഹിരു സമരകൂനും 23 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ അഷന്‍ പ്രിയഞ്ജനും മാത്രമാണ് ചെറുത്ത് നിന്നത്.
89 റണ്‍സിന് ബി ലവ് കാന്‍ഡി വിജയിച്ചപ്പോള്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത് ഹസരങ്കയെ തന്നെയായിരുന്നു.
ജാഫ്‌ന കിങ്‌സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഹസരങ്ക ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് വിക്കറ്റ് പ്രകടനത്തിന് മുമ്പേ 22 പന്തില്‍ നിന്നും പുറത്താകാതെ 52 റണ്‍സും താരം നേടിയിരുന്നു.
താരത്തിന്റെ ഈ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ആര്‍.സി.ബി ആരാധകരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ആര്‍.സി.ബിക്ക് വേണ്ടി കളിക്കുമ്പോള്‍ ഇങ്ങനെയൊന്നും ബാറ്റ് ചെയ്ത് കണ്ടിട്ടില്ലല്ലോ എന്ന പരിഭവം പറച്ചിലാണ് ഇതില്‍ കൂടുതലും. താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ കുറിച്ച് ട്രോളുകളും ഉയരുന്നുണ്ട്.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച കയറാനും ബി ലവ് കാന്‍ഡിക്ക് സാധിച്ചു. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമായി ആറ് പോയിന്റാണ് കാന്‍ഡിക്കുള്ളത്.