| Monday, 21st August 2023, 6:35 pm

എഴുതിവെച്ചോളൂ... ഇവനാണ് ലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി; രണതുംഗക്കും സംഗക്കും ശേഷം ഇനി ഹസരങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി ഇത്തവണത്തെ ലങ്ക പ്രീമിയര്‍ ലീഗ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദാംബുള്ള ഓറയെ പരാജയപ്പെടുത്തി ബി ലവ് കാന്‍ഡിയാണ് വിജയിച്ചിരിക്കുന്നത്.

മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു കാന്‍ഡിയുടെ വിജയം. ഓറ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കി നില്‍ക്കെ കാന്‍ഡി മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കയുടെ അഭാവത്തില്‍ ഏയ്ഞ്ചലോ മാത്യൂസായിരുന്നു ലങ്കയെ നയിച്ചത്. കലാശപ്പോരാട്ടത്തില്‍ ക്യാപ്റ്റന്‍സി ലഭിച്ച മാത്യൂസ് താന്‍ എന്തുകൊണ്ടാണ് ലങ്കന്‍ ക്രിക്കറ്റ് കണ്ട മികച്ച താരങ്ങളില്‍ ഒരാളായതെന്ന് തെളിയിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മാത്യൂസ് ഫൈനലിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തത് കാന്‍ഡി നായകന്‍ വാനിന്ദു ഹസരങ്കയെ ആയിരുന്നു. ടൂര്‍ണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും മാജിക് കാണിച്ചാണ് താരം ബി ലവ് കാന്‍ഡിയുടെ നെടുംതൂണായത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് മാത്രമല്ല മറ്റ് പല റെക്കോഡുകളും താരത്തെ തേടിയിത്തിയിരുന്നു. ഒരേസമയം, വിക്കറ്റ് വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും റണ്‍ വേട്ടക്കാരനുള്ള ഗ്രീന്‍ ക്യാപ്പും നേടിയാണ് താരം ആരാധകരെ ഞെട്ടിച്ചത്. ഓള്‍ റൗണ്ടര്‍ എന്നാല്‍ ഇതാകണമെന്ന് പറയുന്ന തരത്തിലായിരുന്നു ഹസരങ്കയുടെ പ്രകടനം.

പത്ത് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 279 റണ്‍സാണ് ഹസരങ്ക അടിച്ചുകൂട്ടിയത്. 34.88 എന്ന ശരാശരിയിലും 189.80 എന്ന സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു ഹസരങ്കയുടെ ബാറ്റിങ്. 14 സിക്‌സറും 29 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബൗളിങ്ങിലാകട്ടെ, പത്ത് മത്സരത്തില്‍ നിന്നും 19 വിക്കറ്റ് നേടിയാണ് താരം ഒന്നാമതെത്തിയത്. 10.74 എന്ന ആവറേജിലും 5.51 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. ഒമ്പത് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

ഇതിന് പുറമെ മികച്ച ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്, മികച്ച ബൗളിങ് ആവറേജ്, ഏറ്റവുമധികം സിക്‌സറുകള്‍ തുടങ്ങിയ റെക്കോഡുകളും ഹസരങ്ക മറ്റാര്‍ക്കും നല്‍കിയിട്ടില്ല.

വീഴ്ചയില്‍ നിന്നും പതിയെ കരകയറി വരുന്ന ശ്രീലങ്കക്ക് ഹസരങ്കയുടെ പ്രകടനം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ദേശീയ ടീമിനെ നയിക്കാന്‍ പോലും കാലിബറുള്ള താരമായിട്ടാണ് ഹസരങ്ക നിലവില്‍ സ്വയം വാര്‍ത്തെടുത്തിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും ഹസരങ്ക മാജിക് കാണാനുറച്ചാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content highlight: Wanindu Hasaranga’s brilliant performance in LPL 2023

We use cookies to give you the best possible experience. Learn more