ഫൈനലിന് മുമ്പേ മാന്‍ ഓഫ് ദി സീസണ്‍, 'ഓറഞ്ച് ക്യാപ്പും, പര്‍പ്പിള്‍ ക്യാപ്പും' എല്ലാത്തിനും ഒരു അവകാശി; ഹസരങ്ക യൂ ബ്യൂട്ടി
Sports News
ഫൈനലിന് മുമ്പേ മാന്‍ ഓഫ് ദി സീസണ്‍, 'ഓറഞ്ച് ക്യാപ്പും, പര്‍പ്പിള്‍ ക്യാപ്പും' എല്ലാത്തിനും ഒരു അവകാശി; ഹസരങ്ക യൂ ബ്യൂട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th August 2023, 12:18 pm

കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗല്ലെ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ബി ലവ് കാന്‍ഡി ഫൈനലിലേക്ക് കുതിച്ചിരുന്നു. 34 റണ്‍സിനായിരുന്നു കാന്‍ഡിയുടെ വിജയം.

ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക ആറാടിയ മത്സരത്തില്‍ കാന്‍ഡി അനായാസം വിജയം നേടുകയായിരുന്നു. ബാറ്റിങ്ങില്‍ 30 പന്തില്‍ 48 റണ്‍സ് നേടിയ ഹസരങ്ക ബൗളിങ്ങില്‍ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടിയിരുന്നു.

ഈ ഓള്‍ റൗണ്ട് പ്രകടനത്തിന് പിന്നാലെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തതും ഹസരങ്കയെ തന്നെയായിരുന്നു. ഈ സീസണില്‍ ഇത് നാലാം തവണയാണ് താരം പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ മത്സരത്തിന് പിന്നാലെ ഒരു അത്യപൂര്‍വ നേട്ടവും സ്വന്തമാക്കിയാണ് ഹസരങ്ക ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും ഏറ്റവുമധികം വിക്കറ്റ് നേടിയ താരം എന്ന റെക്കോഡുമാണ് ഹസരങ്കക്കുള്ളത്.

പത്ത് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 279 റണ്‍സാണ് ഹസരങ്ക നേടിയത്. 34.88 എന്ന ശരാശരിയിലും 189.80 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം നേടിയാണ് ഹസരങ്ക ബാറ്റിങ്ങില്‍ തന്റെ ഡൊമിനേഷന്‍ പുറത്തെടുത്തത്. നിലവില്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഗ്രീന്‍ ക്യാപ് ഹസരങ്കയുടെ പേരിലാണ്.

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും നാലാം സ്ഥാനത്തുള്ള ദിനേഷ് ചണ്ഡിമലിന്റെയും ഫൈനലിലെ പ്രകടനമാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ആരാകണമെന്ന് തീരുമാനിക്കുക.

ദാംബുള്ള താരമായ ഫെര്‍ണാണ്ടോക്ക് നിലവില്‍ 29.88 എന്ന ആവറേജിലും 129.19 എന്ന സ്‌ട്രൈക്ക് റേറ്റിലും 239 റണ്‍സാണുള്ളത്. ഫൈനലില്‍ ഹസരങ്കയുടെ ടീമുമായി ഏറ്റുമുട്ടുമ്പോള്‍ നേടുന്ന റണ്‍സായിരിക്കും സീസണിലെ റണ്‍ വേട്ടക്കാരനെ തെരഞ്ഞെടുക്കാന്‍ നിര്‍ണായകമാവുക.

അവിഷ്‌ക ഫെര്‍ണാണ്ടോക്ക് പുറമെ സ്വന്തം ടീമില്‍ നിന്ന് തന്നെയാണ് ഹസരങ്കക്ക് മത്സരമുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് ചണ്ഡിമലാണ് റണ്‍ വേട്ടയില്‍ പിന്നാലെയോടുന്നത്. ഒമ്പത് മത്സരത്തില്‍ നിന്നും 26.11 എന്ന ശരാശരിയിലും 127.03 എന്ന സ്‌ട്രൈക്ക് റേറ്റിലും 235 റണ്‍സാണ് ചണ്ഡിമലിനുള്ളത്.

റണ്‍വേട്ടയില്‍ മാത്രമല്ല, വിക്കറ്റ് വേട്ടയിലും മുമ്പന്‍ ഹസരങ്കയാണ്. പത്ത് മത്സരത്തില്‍ നിന്നും 19 വിക്കറ്റാണ് കാന്‍ഡി ക്യാപ്റ്റന് സ്വന്തമായുള്ളത്. 10.74 എന്ന ശരാശരിയിലും 5.51 എന്ന എക്കോണമിയിലും പന്തെറിയുന്ന ഹസരങ്കയുടെ സീസണിലെ മികച്ച ബൗളിങ് ഫിഗര്‍ 6/9 ആണ്.

ഹസരങ്കയുടെ സഹതാരവും കാന്‍ഡി സൂപ്പര്‍ ബൗളറുമായ നുവാന്‍ പ്രദീപാണ് രണ്ടാം സ്ഥാനത്ത്. ഹസരങ്കയേക്കാള്‍ ആറ് വിക്കറ്റിന്റെ കുറവാണ് പ്രദീപിനുള്ളത്.

ഫൈനല്‍ മത്സരത്തിലും ഹസരങ്ക തന്റെ ഓള്‍ റൗണ്ട് പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ടൂര്‍ണമെന്റിലെ മികച്ച റണ്‍ വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ഒരാള്‍ തന്നെയാകുന്ന ചരിത്ര മുഹൂര്‍ത്തത്തിനും എല്‍.പി.എല്‍ സാക്ഷ്യം വഹിക്കും.

ഇതിനൊപ്പം കലാശപ്പോരാട്ടം ബാക്കി നില്‍ക്കെ സീസണിന്റെ താരമായും കാന്‍ഡി ഹസരങ്കയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് എല്‍.പി.എല്ലിന്റെ കലാശപ്പോരാട്ടം. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30ന് നടക്കുന്ന മത്സരത്തില്‍ ദാംബുള്ള ഓറാണ് ഹസരങ്കയുടെയും സംഘത്തിന്റെയും എതിരാളികള്‍.

 

Content highlight: Wanindu Hasaranga’s brilliant all round performance in LPL 2023