| Sunday, 24th September 2023, 1:31 pm

ലോകകപ്പിൽ ലങ്കയുടെ വിധി തീരുമാനിക്കപ്പെട്ടോ? സൂപ്പർ താരം പുറത്ത്, കണ്ണീരണിഞ്ഞ് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിന് പിന്നാലെ ഏഷ്യാ കപ്പിൽ കളിക്കാതിരുന്ന ശ്രീലങ്കയുടെ സ്റ്റാർ സ്പിന്നർ വാനിന്ദു ഹസരങ്ക ഐ.സി.സി മെൻസ് ഏകദിന ലോകകപ്പും കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. ക്രിക്ട്രാക്കർ അടക്കമുള്ള വിവിധ സ്‌പോർട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഐ.സി.സി വേൾഡ് കപ്പിൽ ലങ്കയെത്തിയത് ഹസരങ്കയുടെ ചിറകിലേറിയായിരുന്നു. വേൾഡ് കപ്പ് ക്വാളിഫയറിൽ ടീമിന്റെ നെടുംതൂണായ ഹസരങ്ക ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയിരുന്നു.

ഏഷ്യാ കപ്പിന് മുമ്പ് നടന്ന ലങ്കൻ പ്രീമിയർ ലീഗിൽ ഹസരങ്കയുടെ നേതൃത്വത്തിലുള്ള ബി ലവ് കാൻഡിയായിരുന്നു കിരീടമുയർത്തിയത്. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഹസരങ്ക തന്നെയായിരുന്നു റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും ഒന്നാമതെത്തിയത്.

ഒമ്പത് ഇന്നിങ്‌സിൽ നിന്നും 279 റൺസ് നേടിയ താരം പത്ത് ഇന്നിങ്‌സിൽ നിന്ന് 19 വിക്കറ്റും നേടിയിരുന്നു. ഈ ഫൈനലിൽ പരിക്കേറ്റതോടെയാണ് ഹസരങ്കക്ക് ഏഷ്യാ കപ്പും ഇപ്പോൾ ലോകകപ്പും നഷ്ടമായത്.

വൈറ്റ് ബോൾ ക്രിക്കറ്റിൽ സജീവമാകുന്നതിനായി ഹസരങ്ക ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടന്ന രണ്ട് അന്താരാഷ്ട്ര ബിഗ് ഇവന്റുകളും ഹസരങ്കക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

2017ൽ ലങ്കൻ ജേഴ്‌സിയിലെത്തിയ ഹസരങ്ക ദേശീയ ടീമിനായി 48 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 47 മത്സരത്തിലും പന്തെറിയുകയും ചെയ്തിരുന്നു. 67 വിക്കറ്റുകളാണ് ഈ 47 മത്സരത്തിൽ നിന്നും താരം സ്വന്തമാക്കിയത്.

24 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിൽ ഹസരങ്കയുടെ മികച്ച പ്രകടനം. 28.78 ശരാശരിയിലും 34.01 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ഹസരങ്കയുടെ എക്കോണമി5.08 ആണ്. മൂന്ന് തവണയാണ് താരം 50 ഓവർ ഫോർമാറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

Content Highlight: Wanindu Hasaranga ruled out from World Cup, Report

We use cookies to give you the best possible experience. Learn more