|

ടി-20യില്‍ വിക്കറ്റെടുത്ത് വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറി! പുതിയ സീസണിലെ സഞ്ജുവിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ചരിത്രമെഴുതി സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക. കുട്ടിക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടമാണ് ഹസരങ്ക സ്വന്തം പേരിലെഴുതിയത്. ഐ.എല്‍ ടി-20യിലെ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – ഷാര്‍ജ വാറിയേഴ്‌സ് മത്സരത്തിലായിരുന്നു വിക്കറ്റ് വേട്ടയില്‍ ഹസരങ്കയുടെ ട്രിപ്പിള്‍ സെഞ്ച്വറി.

കരിയറിലെ 209ാം മത്സരത്തിലാണ് ഹസരങ്ക ഈ നേട്ടം സ്വന്തമാക്കിയത്. ഷാര്‍ജ വാറിയേഴ്‌സ് സൂപ്പര്‍ താരം ആഷ്ടണ്‍ അഗറിനെ മടക്കിയതോടെയാണ് ഹസരങ്ക ഈ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ ആന്‍ഡ്രൂ ടൈയുടെ പേരിലാണ് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്. തന്റെ 211ാം മത്സരത്തിലാണ് ടൈ 300 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്. ഇപ്പോള്‍ ടൈയേക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചാണ് ഹസരങ്ക ഈ നേട്ടത്തിലെത്തിയത്. 213 മത്സരത്തില്‍ നിന്നും 300 ടി-20 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ റാഷിദ് ഖാനാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ടി-20യില്‍ ഇതുവരെ 301 വിക്കറ്റുകളാണ് ഹസരങ്ക സ്വന്തമാക്കിയത്. 16.55 എന്ന ശരാശരിയിലും 6.89 എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്. 14.4 ആണ് ടി-20യില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ടി-20 കരിയറില്‍ ഇതുവരെ മൂന്ന് ഫൈഫര്‍ നേടിയ താരം ഒമ്പത് ഫോര്‍ഫറുകളും സ്വന്തമാക്കിയിരുന്നു. 2023ലെ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്‌ന കിങ്‌സിനെതിരെ ബി-ലവ് കാന്‍ഡിക്ക് വേണ്ടി പുറത്തെടുത്ത 6/9 ആണ് ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ മികച്ച പ്രകടനം.

ഇതിനൊപ്പം ലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയ്ക്ക് ശേഷം ടി-20യില്‍ 300 വിക്കറ്റ് നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമെന്ന റെക്കോഡും ഹസരങ്ക സ്വന്തമാക്കി. 295 മത്സരത്തില്‍ നിന്നും 390 വിക്കറ്റുകളാണ് മലിംഗയുടെ പേരിലുള്ളത്.

ലസിത് മലിംഗ

ശ്രീലങ്കന്‍ ദേശീയ ടീമിന് പുറമെ കാന്‍ഡി ഫാല്‍ക്കണ്‍സ്, ശ്രീലങ്ക പോര്‍ട്‌സ് അതോറിറ്റി ക്രിക്കറ്റ് ക്ലബ്ബ്, സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ബി-ലവ് കാന്‍ഡി, കൊളംബോ ക്രിക്കറ്റ് ക്ലബ്ബ്, ഡെസേര്‍ട്ട് വൈപ്പേഴ്‌സ്, ജാഫ്‌ന കിങ്‌സ്, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ്, രംഗപൂര്‍ റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, വാഷിങ്ടണ്‍ ഫ്രീഡം തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയാണ് ഹസരങ്ക പന്തെറിഞ്ഞത്.

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഹസരങ്ക കളത്തിലിറങ്ങുന്നത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലും ലങ്കന്‍ ഓള്‍ റൗണ്ടറുടെ മാജിക്കിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Wanindu Hasaranga becomes fastest bowler to complete 300 T20 wickets

Video Stories