ഏറെ ആവേശത്തോടെയായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം നോക്കിക്കണ്ടത്. സീസണില്‍ ആദ്യം ആര്‍.സി.ബിയോടേറ്റുമുട്ടിയപ്പോള്‍ തോല്‍വി വഴങ്ങിയതിന്റെ സങ്കടം തീര്‍ക്കാനുറച്ചായിരുന്നു രാജസ്ഥാന്‍ മൈതാനത്തിറങ്ങിയത്.
എന്നാല്‍ അത്ര നല്ല തുടക്കമായിരുന്നില്ല രാജസ്ഥാന് ലഭിച്ചത്. ഇലക്ട്രിഫൈയിംഗ് ഫോമില്‍ തുടരുന്ന ജോസ് ബട്‌ലറും സഹ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും പെട്ടന്ന് തന്നെ തിരിച്ചുകയറിയപ്പോള്‍ രാജസ്ഥാന്‍ ക്യാമ്പ് ഒന്നുഭയന്നു.
വണ്‍ ഡൗണായെത്തിയ അശ്വിന്‍ ഒന്നാളിക്കത്തിയെങ്കിലും അത് പെട്ടന്ന് തന്നെ അവസാനിച്ചു. തുടര്‍ന്ന് സഞ്ജുവും, ഇത്രയും നാള്‍ രാജസ്ഥാന്‍ ആരാധകരുടെ കണ്ണിലെ കരടായ റിയാന്‍ പരാഗും ഒപ്പം മിച്ചലും ചേര്‍ന്നപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ പതുക്കെ ഉയര്‍ന്നു.
ഇവര്‍ ചേര്‍ന്ന് സ്‌കോര്‍ കെട്ടിപ്പൊക്കുകയും മാന്യമായ ടാര്‍ഗറ്റ് ആര്‍.സി.ബിക്ക് മുന്നില്‍ വെക്കുകയും ചെയ്തു. രാജസ്ഥാന്‍ ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാനാവാതെ ബെംഗളൂരു മത്സരം റോയല്‍സിന് മുമ്പില്‍ അടിയറ വെക്കുകയായിരുന്നു.
മത്സരം ജയിച്ചെങ്കിലും നായകന്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. സഞ്ജു പുറത്തായതുകൊണ്ടല്ല, മറിച്ച് വാനിന്ദു ഹസരങ്കയുടെ കൈകൊണ്ട് പുറത്തായതാണ് ആരാധകരെ ഏറെ നിരാശരാക്കിയത്.
സഞ്ജു – ഹസരങ്ക മത്സരത്തില്‍ അത് ആറാം തവണയാണ് സഞ്ജു ഹസരങ്കയ്ക്ക് മുന്നില്‍ അടിയറവ് പറയുന്നത്. സീസണിലെ കഴിഞ്ഞ മത്സരത്തിലും സഞ്ജുവിനെ മടക്കിയത് ഹസരങ്കയായിരുന്നു.
ഇതുമാത്രമല്ല, പരസ്പരം ഏറ്റമുട്ടിയപ്പോഴെല്ലാം തന്നെ സഞ്ജു ഹസരങ്കയുടെ സ്പിന്‍ ചതിയില്‍ പെടുകയായിരുന്നു. മുമ്പ് പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരത്തിലും സഞ്ജുവിന്റെ വിക്കറ്റ് പിഴുതത് ഹസരങ്കയാണ്.
കഴിഞ്ഞ ദിവസം മികച്ച പ്രകടനമായിരുന്നു ഈ ശ്രീലങ്കന്‍ യുവരക്തം പുറത്തെടുത്തത്. നാല് ഓവറില്‍ 5.75 എന്ന എക്കോണമിയില്‍ 23 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് മുന്‍നിര വിക്കറ്റുകളായിരുന്നു ഹസരങ്ക പിഴുതത്. സഞ്ജുവിന് പുറമെ രാജസ്ഥാന്റെ വിശ്വസ്ത ഫിനിഷറായ ഹെറ്റ്‌മെയറായിരുന്നു ഹസരങ്കയുടെ രണ്ടാമത്തെ ഇര.
മുങ്ങിക്കൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഹസരങ്ക. എന്നിരുന്നാലും മുമ്പേ നടന്നവരുടെ സിംഹളവീര്യം സിരയിലേന്തി ശ്രീലങ്കന്‍ ക്രിക്കറ്റ് തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.