ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ അയര്‍ലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച് ശ്രീലങ്കന്‍ മിസ്റ്ററി സ്പിന്നര്‍ വാനിന്ദു ഹസരങ്ക. ഞായറാഴ്ച ക്യൂന്‍സ് പാര്‍ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ഹസരങ്ക വീണ്ടും ഫൈഫര്‍ തികച്ചത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ക്വാളിഫയറിലെ നേരത്തെ യു.എ.ഇക്കെതിരെയും ഒമാനെതിരെയും ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
ജൂണ്‍ 19ന് ക്യൂന്‍സ് പാര്‍ക് ഗ്രൗണ്ടില്‍ വെച്ചാണ് ലങ്ക ക്വാളിഫയറിലെ ആദ്യ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക സ്‌കോര്‍ ബോര്‍ഡില്‍ 355 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ബൗളിങ്ങിനിറങ്ങിയത്.
ജൂണ്‍ 23ന് ഒമാനെതിരായ മത്സരത്തിലാണ് ഹസരങ്ക വീണ്ടും ഫൈഫര്‍ തികച്ചത്. മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ലങ്ക വെറും 98 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. ഹസരങ്ക തന്നെയായിരുന്നു വിക്കറ്റ് ഒമാനെയും കശക്കിയെറിഞ്ഞത്.
മത്സരത്തില്‍ 7.2 ഓവര്‍ പന്തെറിഞ്ഞ് വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
തുടര്‍ന്ന് അയര്‍ലന്‍ഡിനെതിയെും ഫൈഫര്‍ തികച്ച് റെക്കോഡ് നേട്ടവും സ്വന്തമാക്കി. പത്ത് ഓവര്‍ പന്തെറിഞ്ഞ് 79 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക ഇത്തവണ അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.
സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ട ആരംഭിച്ച താരം മാര്‍ക് അഡയറിനെ ദാസുന്‍ ഷണകയുടെ കൈകളിലെത്തിച്ചും പവലിയനിലേക്ക് തിരിച്ചയച്ചു. ജോഷ്വാ ലിറ്റിലിനെ റിട്ടേണ്‍ ക്യാച്ചായി പുറത്താക്കിയപ്പോള്‍ ഹാരി ടെക്ടറും ക്യാപറ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും എല്‍.ബി.ഡബ്ല്യൂവിലൂടെയും പുറത്താക്കി.