ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ലങ്ക 235 റണ്‍സിന് ഓള്‍ഔട്ടുമായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാ കടുവകള്‍ 40.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. രണ്ടു വിജയമാണ് പരമ്പരയില്‍ ബംഗ്ലാദേശ് നേടിയത്.
മത്സരശേഷം ലങ്കയേയും ഏഞ്ചയ്‌ലോ മാത്യൂസിനേയും ബംഗ്ലാദേശ് താരങ്ങള്‍ കണക്കിന് പരിഹസിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും തമ്മില്‍ ഇനിയുള്ളത് രണ്ട് ടെസ്റ്റ് മത്സരങ്ങല്‍ അടങ്ങുന്ന പരമ്പരയാണ്. ഇതിനായുള്ള ലങ്കന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 22മുതല്‍ 26വരെ സിലറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ സഹൂര്‍ അഹമ്മദ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീമില്‍ വനിന്ദു ഹസരങ്ക തിരിച്ചുവന്നതാണ് ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയം. റെഡ് ബോളില്‍ വിരമിച്ചതിന് ശേഷമാണ് താരത്തിന്‍രെ തിരിച്ചുവരവ്.
തന്റെ 26ാം വയസിലാണ് താരം വിരമിക്കല്‍ തീരുമാനമെടുക്കുന്നത്. ടി-20യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് താരം ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് പറഞ്ഞത്.
2020ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ നാല് ടെസ്റ്റ് മത്സരത്തിലെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 3.59 ആണ് താരത്തിന്‍രെ ബെസ്റ്റ് എക്കണോമി. പ്രഭാത് ജയസൂര്യ, രമേഷ് മെന്‍ഡിസ്, ഹസരംഗ, നിഷാന്‍ പീരിസ്, കാമിന്ദു മെന്‍ഡിസ്. ധനഞ്ജയ ഡിസില്‍വ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.