വോള്‍മാര്‍ട്ട് കോഴ: അന്വേഷണത്തിന് തയ്യാറെന്ന് സര്‍ക്കാര്‍
India
വോള്‍മാര്‍ട്ട് കോഴ: അന്വേഷണത്തിന് തയ്യാറെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2012, 5:01 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രവേശനത്തിനായി 125 കോടി രൂപ ചെലവഴിച്ചെന്ന വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണത്തിന് തയാറാണെന്ന് സര്‍ക്കാര്‍. കേന്ദ്രമന്ത്രി കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്.[]

കോഴ വിവാദത്തെ തുടര്‍ന്ന് രണ്ട് ദിവസമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയാണ്. യു.പി.എ സര്‍ക്കാറിനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും കൈകോര്‍ത്താണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി അമേരിക്കന്‍ നിയമനിര്‍മാണസഭയില്‍ 125 കോടി രൂപ ചിലവഴിച്ചെന്ന വാള്‍മാര്‍ട്ടിന്റെ തന്നെ റിപ്പോര്‍ട്ടാണ് സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചത്.

വാള്‍മാര്‍ട്ടിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്നും സി.പി.ഐ.എമ്മും ബി.ജെ.പിയും സഭയില്‍ ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി ആഗോള റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് അമേരിക്കന്‍ നിയമനിര്‍മാതാക്കളില്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നാണ് റിപ്പോര്‍ട്ട്. 2008 മുതല്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നെന്നും ഇതിനായി 125 കോടിയോളം രൂപ ചിലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.