ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ 124 പേരുടെ മരണത്തിനിടയാക്കിയ വസ്ത്രനിര്‍മാണ ഫാക്ടറിതീപ്പിടത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ട് വിസമ്മതിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്ന ഏജന്‍സികള്‍ ബംഗ്ലാദേശിലെ ഫാക്ടറികളുടെ അപകട സാധ്യത നേരത്തേ അറിയിച്ചിരുന്നെങ്കിലും തങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ നല്‍കുന്നില്ലെന്ന് കാണിച്ച് സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ നിന്ന് വാള്‍മാര്‍ട്ട് വിട്ടുനില്‍ക്കുകയായിരുന്നു.[]
നവംബര്‍ 25 നാണ് എട്ട് നിലകളുള്ള മില്ലില്‍ തീപ്പിടുത്തമുണ്ടായത്. ഇത്രയേറെ ആളപായമുണ്ടാകാന്‍ കാരണം ഫാക്ടറിയില്‍ നിന്ന് പുറത്ത് കടക്കാനുള്ള വാതില്‍ പുറത്ത് നിന്ന് പൂട്ടിയതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ അത്‌കൊണ്ടൊന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പറ്റില്ലെന്ന നിലപാടിലാണ് വാള്‍മാര്‍ട്ട്.
വാള്‍മാര്‍ട്ടിന് വസ്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ഫാക്ടറികളുടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടെന്ന് നേരത്തേ ഏജന്‍സികള്‍ അറിയിച്ചിരുന്നെങ്കിലും അതിനെ ഗൗനിക്കാതിരിക്കുകയാണ് വാള്‍മാര്‍ട്ട് ചെയ്തത്.
ഫാക്ടറിയിലെ അഗ്നിബാധയുടെ ധാര്‍മിക ഉത്തരവാദിത്വം വാള്‍മാര്‍ട്ടിനാണെന്നിരിക്കെ അതില്‍ നിന്നും വിട്ടുനില്‍ക്കുന്ന കമ്പനിയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
വാള്‍മാര്‍ട്ടിന് സ്വാഗതമോതുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ബംഗ്ലാദേശിലെ ദുരന്തം ഒരു പാഠമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ ഇന്ത്യക്കും ഇതൊരു മുന്നറിയിപ്പാണ്.
വാള്‍മാര്‍ട്ടിന്റെ അമേരിക്കന്‍ കമ്പനിയില്‍ 14 ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കുറഞ്ഞ വേതനം നല്‍കി കൂടുതല്‍ ഉത്പാദനം നടത്തുക എന്ന വാള്‍മാര്‍ട്ട് നയത്തിനെതിരെ ആഗോള പ്രക്ഷോഭം ശക്തമാകുകയാണ്.
സീര്‍സ്, ഡിസ്‌നി പോലുള്ള മറ്റ് ബഹുരാഷ്ട്ര കുത്തകകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാള്‍മാര്‍ട്ടിലെ തൊഴിലാളികളുടെ സ്ഥിതി ശോചനീയമാണ്.
ബംഗ്ലാദേശില്‍ ദുരന്തമുണ്ടായ സിംകോ ബംഗ്ലാദേശ് ലിമിറ്റഡില്‍ നിന്നും വാള്‍മാര്‍ട്ടിന് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളിലൊന്ന് മൂന്ന് ലക്ഷം വസ്ത്രങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. രണ്ടാഴ്ച്ചക്കുള്ളില്‍ ഉത്പന്നങ്ങള്‍ നല്‍കാനായിരുന്നു നിര്‍ദേശം.
ഈ സമയപരിധിക്കുള്ളില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനായി തൊഴിലാളികളെ ഫാക്ടറിക്ക് പുറത്ത് പോകാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ഒളിച്ചുകടത്തുന്നത് തടയാന്‍ എന്ന പേരില്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.
ദുരന്തം നടന്നതോടെ സിംകോയുമായി കരാര്‍ നല്‍കിയ കമ്പനിയുമായുള്ള ബന്ധം വാള്‍മാര്‍ട്ട് ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ മില്ലില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് വാള്‍മാര്‍ട്ട് തലയൂരി.
കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസം ബംഗ്ലാദേശില്‍ നിന്ന് വാള്‍മാര്‍ട്ട് കൊയ്തത് 360 കോടി ഡോളറാണ്. ഇന്ത്യയില്‍ ഭാരതിയുമായി ചേര്‍ന്ന് വാള്‍മാര്‍ട്ട് നടത്തുന്ന സംയുക്ത സംരംഭത്തിനെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.
വിദേശ നിക്ഷേപത്തിന് രാജ്യത്ത് അനുമതി ലഭിച്ചതോടെ ഇനി ആരേയും ഭയക്കാതെ ഇത്തരം കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിലസാം എന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്.