| Sunday, 9th December 2012, 3:09 pm

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ 135 കോടിയോളം രൂപ ചിലവഴിച്ചെന്ന് വാള്‍മാര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി ആഗോള റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് അമേരിക്കന്‍ നിയമനിര്‍മാതാക്കളില്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നെന്ന് റിപ്പോര്‍ട്ട്. 2008 മുതല്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നെന്നും ഇതിനായി 135 കോടിയോളം രൂപ ചിലവഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.[]

കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് അവസാനിച്ച അവസാന പാതത്തില്‍ 10 കോടിയോളം രൂപയാണ് ഇതിനായി വാള്‍മാര്‍ട്ട് ചിലവഴിച്ചത്. ഇന്ത്യയിലെ ചില്ലറമേഖലയിലെ വിദേശ നിക്ഷേപത്തിനായുള്ള സമ്മര്‍ദ്ദമുള്‍പ്പെടെയാണിത്.

വാള്‍മാര്‍ട്ട് തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനായി സ്വാധീനം ചെലുത്തിയതായി പറയുന്നത്. തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പാക്കുന്നതിനായി നിയമങ്ങളില്‍ കൈകടത്താന്‍ അമേരിക്കന്‍ നിയമങ്ങള്‍ കമ്പനികളെ അനുവദിക്കാറുണ്ട്.  ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന നിഷ്‌കര്‍ഷയോടെയാണിത്.

വാള്‍മാര്‍ട്ടിന്റെ സ്വാധീനപ്രകാരം അമേരിക്കയുടെ സമ്മര്‍ദ്ദഫലമായാണ് ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചതെന്ന് വാള്‍മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

രാജ്യത്തെ പ്രതിപക്ഷത്തിന്റെ വിവിധ സംസ്ഥാനങ്ങളുടേയും ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് യു.പി.എ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.  444 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് വാള്‍മാര്‍ട്ട്.

ഏറെ നാളായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കയറിപ്പറ്റാന്‍ കാത്തിരിക്കുകയായിരുന്നു വാള്‍മാര്‍ട്ട്. ഇന്ത്യയിലെ ചില്ലറ മേഖലയില്‍ നിന്നും പ്രതിവര്‍ഷം ലഭിക്കുന്ന 500 ബില്യണ്‍ ഡോളറില്‍ കണ്ണുവെച്ചാണിത്. 2020 ആവുമ്പോഴേക്കും ഇത് 1 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്.

We use cookies to give you the best possible experience. Learn more