| Monday, 10th December 2012, 3:12 pm

വിദേശ നിക്ഷേപം: വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെകുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാള്‍മാര്‍ട്ടിന്റെ സമ്മര്‍ദ്ദഫലമായാണ് ഇന്ത്യയില്‍ വിദേശ നിക്ഷേപം കൊണ്ടുവന്നതെന്ന വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. യു.പി.എ സര്‍ക്കാറിനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും കൈകോര്‍ത്താണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി അമേരിക്കന്‍ നിയമനിര്‍മാണസഭയില്‍ 125 കോടി രൂപ ചിലവഴിച്ചെന്ന വാള്‍മാര്‍ട്ടിന്റെ തന്നെ റിപ്പോര്‍ട്ടാണ് സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചത്.[]

വാള്‍മാര്‍ട്ടിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്നും സി.പി.ഐ.എമ്മും ബി.ജെ.പിയും സഭയില്‍ ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

” ഇന്ത്യയില്‍ പ്രവേശിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് വാള്‍മാര്‍ട്ട് തന്നെയാണ് പറഞ്ഞിരിക്കുന്നത്. സ്വാധീനിച്ച് കാര്യം നേടുന്നത് ഇന്ത്യയില്‍ നിരോധിച്ചതാണ്. കൈക്കൂലി കുറ്റകൃത്യവുമാണ്.

ആരാണ് ഇതിന് വേണ്ടി പ്രവര്‍ത്തിച്ചതെന്നറിയാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. എന്ത്‌കൊണ്ടാണ് അന്വേഷണത്തിന് മുന്‍കൈയ്യെടുക്കാത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.” ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം, വാള്‍മാര്‍ട്ട് യു.എസ് നിയമനിര്‍മാണസഭയില്‍ മാത്രം സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. അമേരിക്കന്‍ നിയമനിര്‍മാണസഭയില്‍ വിദേശനിക്ഷേപത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വാള്‍മാര്‍ട്ട് പറയുന്നതെന്നും ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനെയോ ഭരണാധികാരിയേയോ കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് ജഗതാംബിക പാല്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി ആഗോള റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് അമേരിക്കന്‍ നിയമനിര്‍മാതാക്കളില്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നാണ് റിപ്പോര്‍ട്ട്. 2008 മുതല്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നെന്നും ഇതിനായി 125 കോടിയോളം രൂപ ചിലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാള്‍മാര്‍ട്ടിന്റെ സ്വാധീനപ്രകാരം അമേരിക്കയുടെ സമ്മര്‍ദ്ദഫലമായാണ് ഇന്ത്യയില്‍ വിദേശ നിക്ഷേപം അനുവദിച്ചതെന്ന് വാള്‍മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

രാജ്യത്തെ പ്രതിപക്ഷത്തിന്റെ വിവിധ സംസ്ഥാനങ്ങളുടേയും ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് യു.പി.എ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.  444 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് വാള്‍മാര്‍ട്ട്.

ഏറെ നാളായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കയറിപ്പറ്റാന്‍ കാത്തിരിക്കുകയായിരുന്നു വാള്‍മാര്‍ട്ട്. ഇന്ത്യയിലെ ചില്ലറ മേഖലയില്‍ നിന്നും പ്രതിവര്‍ഷം ലഭിക്കുന്ന 500 ബില്യണ്‍ ഡോളറില്‍ കണ്ണുവെച്ചാണിത്. 2020 ആവുമ്പോഴേക്കും ഇത് 1 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്.

We use cookies to give you the best possible experience. Learn more