മുംബൈ: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് യു.എസ് റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് വാങ്ങിയതില്‍ പ്രതിഷേധങ്ങള്‍ തുടരവെ അഖിലേന്ത്യാ വ്യാപാരികളുടെ കോണ്‍ഫെഡറേഷന്‍ (സി.എ.ഐ.ടി) വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. വാള്‍മാര്‍ട്ട് ചെറുകിട കച്ചവടക്കാരെ തകര്‍ക്കുമെന്നും മറ്റാര്‍ക്കും നല്‍കാനാവാത്ത വിധം വിലകുറച്ച് നല്‍കി വാള്‍മാര്‍ട്ട് മറ്റ് കച്ചവടക്കാരെ വിപണിയില്‍ നിന്ന് തുരത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
“ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ യു.എസ് പതിപ്പെന്നാണ്” വാള്‍മാര്‍ട്ടിനെ കത്തില്‍ പരാമര്‍ശിച്ചത്. വാള്‍മാര്‍ട്ട്-ഫ്‌ളിപ്പ്കാര്‍ട്ട് ഡീലില്‍ വിശദമായ അന്വേഷണം നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റീട്ടെയില്‍ കച്ചവടത്തെ വാള്‍മാര്‍ട്ട് ഇ-കൊമേഴ്‌സിലൂടെ മറികടക്കുമെന്ന ആശങ്കയും സി.എ.ഐ.ടി പങ്കുവച്ചു. വലിയ ഡിസ്‌കൗണ്ടുകളും പ്രിഡേറ്ററി പ്രൈസിംഗും( ആര്‍ക്കും നല്‍കാനാവാത്ത അത്രയും വില കുറച്ച് മാര്‍ക്കറ്റില്‍ മത്സരക്കാരെ ഇല്ലാതാക്കുക) ഉപയോഗിച്ച് മറ്റുള്ളവരെ വിപണിയില്‍ നിന്ന് ഇല്ലാതാക്കുമെന്നും സംഘടന കരുതുന്നു.
“രാജ്യാന്തര തലത്തില്‍ ഏറ്റവും വില കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് മത്സരങ്ങളെ ഇല്ലാതാക്കും. ഇത് തടയാന്‍ ഇപ്പോള്‍ ഒരു നിയമവും നിയന്ത്രണങ്ങളുമില്ല.” – കത്തില്‍ പറയുന്നു.
എഫ്.ഡി.ഐ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്ത് ആവശ്യപ്പെട്ടു.
“വാള്‍മാര്‍ട്ടിന് ഈ രാജ്യത്തെ റീട്ടെയില്‍ വിപണിയില്‍ കയറിപ്പറ്റുകയാണ് ലക്ഷ്യം. ഇ-കൊമേഴ്‌സിനെക്കുറിച്ച് നയങ്ങളൊന്നുമില്ലാത്തതിനാല്‍ വാള്‍മാര്‍ട്ടിന് ഏളുപ്പം റീട്ടെയില്‍ വിപണിയിലേക്ക് കടക്കാം. എഫ്.ഡി.ഐ പോളിസിയിലൂടെ ഇത് സാധ്യമല്ലായിരുന്നു.” – സി.എ.ഐ.ടി പറയുന്നു.