വാള്‍മാര്‍ട്ട് റിപ്പോര്‍ട്ട്: ജുഡീഷ്യല്‍ അന്വേഷണം നടത്തും
India
വാള്‍മാര്‍ട്ട് റിപ്പോര്‍ട്ട്: ജുഡീഷ്യല്‍ അന്വേഷണം നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 9:40 am

ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ 125 കോടി ചിലവഴിച്ചെന്ന യു.എസ് റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍.

റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രാജ്യസഭയില്‍ ഇത് സംബന്ധിച്ച പ്രസ്താവന കമല്‍ നാഥ് നടത്തുമെന്ന് അധ്യക്ഷന്‍ ഹാമിദ് അന്‍സാരി അറിയിച്ചു.

അതേസമയം, രാജ്യത്ത് പ്രതിപക്ഷ ബഹളം ശക്തമായ സാഹചര്യത്തില്‍ ആരോപണം നിഷേധിച്ച് വാള്‍മാര്‍ട്ട് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനേയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് വാള്‍മാര്‍ട്ടിന്റെ വിശദീകരണം.[]

2008 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി അമേരിക്കന്‍ നിയമനിര്‍മാണസഭയില്‍ സ്വാധീനിച്ചുവെന്ന വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടാണ് ഇന്ത്യയില്‍ പുതിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

125 കോടിയോളം രൂപ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി വാള്‍മാര്‍ട്ട് ചിലവഴിച്ചെന്നും ഈ സമ്മര്‍ദ്ദ ഫലമായാണ് ഇന്ത്യയിലെ ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പാക്കുന്നതിനായി നിയമങ്ങളില്‍ കൈകടത്താന്‍ അമേരിക്കന്‍ നിയമങ്ങള്‍ കമ്പനികളെ അനുവദിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വാള്‍മാര്‍ട്ട് കണക്കുകള്‍ വെളിപ്പെടുത്തിയതെന്നാണ് വിഷയത്തില്‍ അമേരിക്കന്‍ വിശദീകരണം.

കോഴ വിവാദത്തെ തുടര്‍ന്ന് രണ്ട് ദിവസമായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുകയാണ്. യു.പി.എ സര്‍ക്കാറിനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും കൈകോര്‍ത്താണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.