പ്രക്ഷോഭത്തിന്റെ 21ാം ദിവസമായ ഞായറാഴ്ച വാഷിങ്ടണിലെ പ്രസിദ്ധമായ ദേശീയ വ്യോമ, ബഹിരാകാശ മ്യൂസിയത്തിലേക്ക് ഇരുന്നോറോളം വരുന്ന പ്രക്ഷോഭകാരികള്‍ ഇരച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് കുരുമുളക് സ്േ്രപ ഉപയോഗിച്ചു. ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മ്യൂസിയം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. അഫ്ഗാനിസ്താന്‍ യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രക്ഷോഭകേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍ നിന്ന് ആയിരത്തോളം പേര്‍ വാഷിങ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കുരുമുളക് പ്രയോഗിഗത്തിനെതിരെ പലഭാഗത്തു നിന്നും പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് അമേരിക്കയെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് കുറ്റപ്പെടുത്തി.
അമേരിക്കയുടെ വ്യാപാര തലസ്ഥാനമെന്നാണ് ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ് അറിയപ്പെടുന്നത്. വാള്‍ സ്ട്രീറ്റ് തെരുവില്‍ ഒരുമാസമായി തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സമരം വിജയിച്ചേ പിന്‍മാറ്റമുള്ളൂവെന്ന പ്രഖ്യാപനത്തിലാണ്.
എഴുപതിലേറെ പ്രമുഖ പട്ടണങ്ങളിലായി അറുന്നൂറിലേറെ സംഘങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു കഴിഞ്ഞു. പ്രക്ഷോഭം ഫ്‌ളോറിഡ, വാഷിങ്ടണ്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസ വായ്പ പെരുകി പഠനം തന്നെ പെരുവഴിയിലായ വിദ്യാര്‍ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും ഭവനവായ്്പ ജീവിതം മുട്ടിച്ച ഫാക്ടറി തൊഴിലാളികളും സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ പോള്‍ ക്രൂഗ്മാന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ മൈക്കിള്‍ മൂര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, റൂപര്‍ട്ട് മര്‍ഡോക്കിന്റെ “വാള്‍സ്ട്രീറ്റ് ജേണലിന്റെ” പേരിനോട് സാമ്യമുള്ള “ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍” എന്ന പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴിയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
പടരുന്ന പ്രക്ഷോഭം ഒബാമ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. തകര്‍ന്ന ബാങ്കുകളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.