| Thursday, 13th October 2011, 11:27 am

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: സമ്പന്നരുടെ വസതികള്‍ക്കു മുമ്പില്‍ പ്രതിഷേധ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ കോടീശ്വര വ്യക്തികളുടെ വസതികള്‍ക്കു മുന്നില്‍ നൂറുകണക്കിന് വാള്‍സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ പ്രകടനം നടത്തി. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുകയാണ് അമേരിക്കയില്‍ എന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. മാധ്യമ ചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വീടുകള്‍ക്കു മുമ്പിലായിരുന്നു പ്രകടനം.

പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും പ്രക്ഷോഭക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ബോസ്റ്റണിലും ചിക്കാഗോയിലും ന്യൂയോര്‍ക്കിലുമെല്ലാം പോലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാവാതെ ടെന്റുകള്‍ കെട്ടി തെരുവില്‍ കുത്തിയിരിക്കുകയാണ്. പലയിടങ്ങളിലും അമേരിക്കന്‍ വിമുക്തഭടന്മാരായിരുന്നു ചെറുത്തുനില്പിന്റെ മുന്‍നിരയില്‍. ന്യൂയോര്‍ക്കില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത ഒരു വനിത ഉള്‍പ്പെടെ നൂറോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സമരകേന്ദ്രം വികസിപ്പിക്കാന്‍ പോലീസ് സമ്മതിക്കുന്നില്ല. ആദ്യം പ്രക്ഷോഭം തുടങ്ങിയ സ്ഥലത്ത് ഒതുങ്ങി പ്രതിഷേധം പ്രകടിപ്പിക്കണം എന്നാണ് പൊലീസ് നിലപാട്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പല പേരുകളിലായി രാജ്യമെങ്ങും പടരുകയാണ്.

We use cookies to give you the best possible experience. Learn more