മാര്‍ക്‌സിസം പ്രതീക്ഷയെന്നതിന് വാള്‍സ്ട്രീറ്റ് തെളിവ്: വി.എസ്
Kerala
മാര്‍ക്‌സിസം പ്രതീക്ഷയെന്നതിന് വാള്‍സ്ട്രീറ്റ് തെളിവ്: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2011, 5:16 pm

പിറവം: അമേരിക്കയില്‍ നടക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മാര്‍ക്‌സിസത്തിന്റെ പ്രസക്തി വിളിച്ചോതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാര്‍ക്‌സിസമാണ് ലോകത്തിന്റെ പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

പിറവത്ത് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

“ലോകത്തെമ്പാടും മുതലാളിത്തത്തിനെതിരെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുകയാണ്. അമേരിക്കയില്‍ നടക്കുന്ന കുത്തക വിരുദ്ധ സമരം മാര്‍ക്‌സിസത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ്. മാര്‍ക്‌സിസമാണ് ലോകത്തിന്റെ പ്രതീക്ഷ. അമേരിക്കയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുഴപ്പം സൃഷ്ടിക്കുമ്പോള്‍ ഗ്രീസിലും ഇറ്റലിയിലും അത് രാഷ്ട്രീയ പ്രശ്‌നങ്ങളായി മാറുന്നു. ആരാജ്യങ്ങളെല്ലാം തന്നെ കുത്തക ബാങ്കുകളുടെ അധീനതയിലാകുന്നുവെന്നതാണ് വാര്‍ത്ത. മുതലാളിത്ത രാഷ്ട്രങ്ങളെല്ലാം തന്നെ സാമ്പത്തികമായ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഗ്രീസിന്റെയും ഇറ്റലിയുടേയും പരമാധികാരം കുത്തക ബാങ്കുകളുടെ മേധാവികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണെങ്കില്‍ ആഗോളവത്കരണ കാലത്തിന്റെ തുടക്കത്തില്‍തന്നെ കുത്തകകള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കയ്യടക്കി. ആദ്യം ഇന്ത്യയുടെ ധനമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും വന്നത് ഒരു കുത്തക ബാങ്കിന്റെ മേധാവിയായിരുന്ന മന്‍മോഹന്‍ സിംഗാണ്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളാണ് ഇദ്ദേഹത്തിന്റെ കീഴിലുള്ള സര്‍ക്കാര്‍ പിന്തുടരുന്നത്. രാജ്യം കൊള്ളയടിക്കാന്‍ കുത്തകകള്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുന്നു. ഒന്നേമുക്കാല്‍ കോടിയുടെ സ്‌പെക്ട്രം കുംഭകോണവും കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫല്‍റ്റ് അഴിമതികളും അരങ്ങേറി. കനിമൊഴി, രാജ തുടങ്ങിയ പ്രമുഖര്‍ ജയിലിലായി.

പി.എഫ് ഫണ്ടുകള്‍ ഓഹരി വിപണികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പെന്‍ഷന്‍ നിര്‍ത്തലാക്കാനും വിദേശ കുത്തകകള്‍ക്ക് ഇന്ത്യക്കാരെ ചൂഷണം ചെയ്യാനും അവസരമുണ്ടാക്കി നല്‍കി. ബി.എസ്.എന്‍.എലിനെ തകര്‍ക്ക് സ്വകാര്യ കമ്പനികളെ വളര്‍ത്തി. ഈ നയം തുടര്‍ന്നാല്‍ വികസിത രാജ്യങ്ങള്‍ നേരിടുന്ന തകര്‍ച്ച അതേപടി ഇവിടെ ഇറക്കുമതി ചെയ്യലാവും ഉണ്ടാവുക. തെറ്റായി ഇറക്കുമതി നയങ്ങള്‍ പരുത്തി, തേയില, റബ്ബര്‍ തുടങ്ങിയ ഉല്പന്നങ്ങളുടെ വിലയിടിയാന്‍ കാരണമായി.  കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമായി. രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലായി. ഈ സാഹചര്യത്തിലാണ് പിറവത്ത് ഉപതിരഞ്ഞെടുപ്പ്  നടക്കുന്നത്.

കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ തന്നെ അവരുടെ തനിസ്വരൂപം പുറത്തുകാണിച്ചിരിക്കുകയാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും സ്വത്ത് വെളിപ്പെടുത്തലുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായി. പാമോയില്‍ അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയുടെ തനിനിറം പുറത്തായി. ഈ അഴിമതി അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തി കേസില്‍ നിന്നും പിന്മാറ്റിച്ചു. കൊച്ചി മെട്രോയ്ക്കുവേണ്ടിയുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ബന്ധു ജോലിചെയ്യുന്ന കൊല്ലത്തെ പുത്തന്‍തലമുറബാങ്കില്‍ നിക്ഷേപിച്ചു.

പി.കെ കുഞ്ഞാലികുട്ടിയ്‌ക്കെതിരായ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാനായി പോലീസുകാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമായി ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ എതിര്‍പ്പുകള്‍ മറികടന്ന് നിയമിച്ചു. ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടുകാര്‍ക്കുമുള്ള പങ്ക് പുറത്തുവന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരന്‍ തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി.

അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ തടവില്‍ നിന്നും മോചിപ്പിച്ചു. തടവിലുള്ള സമയത്ത് പിള്ളയ്ക്കുവേണ്ടി സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര കൂട്ടില്‍ സൗകര്യമൊരുക്കി. ജയില്‍ നിയമങ്ങള്‍ക്കെതിരായി പിള്ളയ്ക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനെയും ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. ഈ കേസ് അട്ടിമറിക്കപ്പെടുകയാണ്. കോഴിക്കോട് മുസ്‌ലീം യുവാവിനെ സദാചാരകൊലപാതകമെന്നപേരില്‍ തീവ്രവാദികള്‍ വകവരുത്തി. കൊള്ളയും കൊലയും ക്രമസമാധാന പ്രശ്‌നങ്ങളും വ്യാപിക്കുകയാണ്. പോലീസിനെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന കോടതി ഉത്തരവുണ്ടായിരുന്നിട്ടും ടോമിന്‍തച്ചങ്കരിയെപ്പോലുള്ളവരെ സര്‍വീസില്‍ തിരിച്ചെടുത്തു.

മദ്യനയം കോടികളുടെ അഴിമതിക്കുവഴിവെച്ചു. ത്രീസ്റ്റാര്‍ പദവിയിലുള്ളവര്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കാനുള്ള വകുപ്പുകളുണ്ടാക്കി. 160 ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബസ്, വൈദ്യുതി, ചാര്‍ജുകള്‍ വര്‍ധിച്ചു. വൈദ്യുതി സര്‍ചാര്‍ജ് വീണ്ടും ഏര്‍പ്പെടുത്താന്‍ നോക്കുന്നു.

ഇടത് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷര്‍ക്കുവേണ്ടി പല പദ്ധതികളും നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുക വഴി കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. കടക്കെണിയും വിലയിടിയലും കാരണം 13 കര്‍ഷകര്‍ ജീവനൊടുക്കി.

വിദ്യാഭ്യാസ മേഖലയില്‍ സാമാന്യനീതിയും മെറിറ്റും അട്ടിമറിക്കുന്ന നയമാണ് പിന്‍തുടരുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വിദ്യാഭ്യാസ ചൂഷണം നടത്താന്‍ ഒത്താശ ചെയ്തുകൊടുത്തു. നിരവധി എഞ്ചിനിയറിംഗ് കോളേജുകളില്‍ 100 കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ 19 സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് എന്‍.ഒ.സി നല്‍കി. അണ്‍-എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകള്‍ അനധികൃതമായി അനുവദിച്ച് പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. പാഠ്യപദ്ധതി മതസാമുദായിക ശക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റി. കരിക്കുലം കമ്മിറ്റിയില്‍ മുസ് ലീം ലീഗ് അനുയായികളെ തിരുകിക്കയറ്റി. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരം ഇല്ലാതാക്കി.

തലതിരഞ്ഞ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരായ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത പോലീസുകാരെ ന്യായീകരിച്ചു.

99% ഒരു ശതമാത്തിനെതിരെ

Malayalam news

Kerala news in English