| Tuesday, 19th May 2020, 9:26 pm

നടക്കലും വില്‍ക്കലും; കോവിഡ് കാലത്ത് വെറും പദങ്ങളേയല്ല

അജിത്ത് രുഗ്മിണി

‘മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തുന്നു, പറവകള്‍ വായുവില്‍ പറക്കുന്നു, കാലുള്ളവര്‍ ഭൂമിയില്‍ നടക്കുന്നു, അല്ലേ ബാബുജി? ‘ആലോക് തുടര്‍ന്നു: ‘ഒന്നുമല്ലാത്തവര്‍ ഇഴയുന്നു. ദര്‍ജി ബാബു എന്നോട് പറയാറുണ്ട്, ഇഴജന്തുവാണ് ഞാന്‍, എഴുന്നേറ്റു നില്‍ക്കാനാകാത്തവന്‍, എന്ന്.’ (നിലനില്‍പ്പ് – ആനന്ദ്)

കൊറോണ രോഗഭീതിയില്‍ കഴിയുന്ന ഇന്ത്യന്‍ ജനതയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയും അതിന്റെ ഭരണകൂടവും രേഖപ്പെടുത്തുന്നത് രണ്ടു വാക്കുകളാലാണ്. നടത്തം, വില്‍പ്പന എന്നിങ്ങനെ നമ്മുടെ സാമൂഹിക ജീവിതത്തിലെ തീര്‍ത്തും സാധാരണമായിരുന്ന രണ്ട് ക്രിയകള്‍ കൊറോണ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ മാനം കൈവരിച്ചിരിക്കുന്നു.

നടക്കുന്നവര്‍

‘നടത്തം’, ആരോഗ്യമുള്ള ശരീരം നിലനിര്‍ത്തുന്നതിന് അതിരാവിലെകളില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്ന ദിനചര്യയില്‍ തുടങ്ങുന്ന- തൊഴിലിടങ്ങളിലേക്കുള്ള- ആരാധനയങ്ങളിലേക്കുള്ള – വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള, മറ്റനേകം ജീവിതചര്യയുടെ നീളത്തോടൊപ്പം തന്നെ രാഷ്ട്രീയപരമായ ഒന്നുമായിരുന്നു. പാര്‍ലമെന്റിലേക്ക് കിലോമീറ്ററുകള്‍ താണ്ടിയ കര്‍ഷകമാര്‍ച്ചുകള്‍, ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിദ്യാഭ്യാസകച്ചവടത്തിനെതിരേ, അനീതികള്‍ക്കെതിരെ നടന്ന ദൂരം. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യ ഫെഡറലിസത്തിലൂന്നി, മുദ്രാവാക്യമുഖരിതമാക്കിയ തെരുവുകളുടെ കാല്‍പ്പാടുകള്‍ ഈ രാജ്യത്തിന്റെ ദൂരെയല്ലാത്ത ചരിത്രത്തില്‍ത്തന്നെ മായാതെയുണ്ട്.

നിസ്സഹായതയുടെ ചിഹ്നം കൂടിയായി ‘നടത്തം’ മാറിയ കൊറോണ പശ്ചാത്തലത്തിലാണ് ഈ തിരിഞ്ഞു നോട്ടം പ്രസക്തമാവുന്നത്. പി.ടി.ഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ രാംപുകാര്‍ പണ്ഡിറ്റിന്റെ ഫോട്ടോ ഇന്ത്യയിലെ ഭരണകൂടത്തിന് നേര്‍ക്കെറിഞ്ഞ ചോദ്യം അത്ര ലളിതമാണോ? ഇന്ത്യയിലങ്ങോളമിങ്ങോളം കുടിയേറ്റ തൊഴിലാളികള്‍ നടന്നു തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനമെന്ന യാഥാര്‍ത്ഥ്യത്തെ മഹാഭാരത കഥ പറഞ്ഞും, പാത്രം കൊട്ടല്‍ – പുഷ്പവൃഷ്ടി നാടകങ്ങളിലൂടെയും മറികടക്കാനാഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഈ രാജ്യത്തെ ദരിദ്രജന വിഭാഗങ്ങളുടെ സ്ഥാനമെവിടെയാണെന്ന് തെളിയിക്കുന്ന ക്രിയയാണ് നടത്തമിപ്പോള്‍.

ഇതിനിടെയാണ് കേരളത്തിലെ ബി.ജെ.പി വക്താവ് നടത്തം ഓരോരുത്തരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വണ്ടിയില്ലാത്തതു കൊണ്ടാണോ ഗാന്ധി ദണ്ഡിയിലേക്ക് നടന്നതെന്നുമുള്ള തീര്‍ത്തും മനുഷ്യവിരുദ്ധമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. മാര്‍ച്ച് 24 മുതല്‍ നടപ്പാക്കിയ ദേശീയ ലോക് ഡൗണ്‍ ഏറ്റവുമധികം ബാധിച്ചത് തൊഴില്‍ സാധ്യതകളടയുകയും തിരിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനവസരം നിഷേധിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ്.

ഇന്ത്യയുടെ വടക്ക് – കിഴക്ക് സംസ്ഥാനങ്ങളില്‍ നിന്നും തെക്ക്-പടിഞ്ഞാറ് സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ പലായനം ഇന്ത്യന്‍ ഭരണ-സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്ര ഘടകമാണ്. ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ തൊഴിലാളികള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്ക് തൊഴിലിനായി എത്തിച്ചേരുന്നുണ്ട്.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരേയുള്ള കാലയളവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളുടെ പങ്കാണ് സാമ്പത്തിക രംഗത്തെ നട്ടെല്ല്. കോവിഡ് പശ്ചാത്തലത്തില്‍, സാമൂഹിക ജീവിതം ദുഷ്‌കരമായ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ഗതാഗത സൗകര്യങ്ങള്‍ക്കായി ഫെഡറല്‍ വ്യവസ്ഥയില്‍ കേന്ദ്ര ഗവണ്‍മെന്റുമായി ആശയവിനിമയം നടത്തി അതിഥി തൊഴിലാളികളുടെ തിരിച്ചു പോക്കിനും – സ്വീകരണത്തിനും നേതൃത്വമെടുത്ത കേരള, ഒഡിഷ മോഡലുകളൊഴിച്ച് മറ്റ് സംസ്ഥാനങ്ങളോ കേന്ദ്ര ഗവണ്‍മെന്റോ കാര്യക്ഷമമായ നടപടികള്‍ കൈക്കൊണ്ടില്ല.

കോവിഡാനന്തരം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ തകരാതിരിക്കാന്‍, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ റദ്ദാക്കാനാവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടി ഇന്ത്യ കണ്ടതാണ്. പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും സാമ്പത്തിക പാക്കേജുകളും സസൂക്ഷ്മം നിരീക്ഷിച്ച, ഇത് ഞങ്ങളുടെ രാജ്യമല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരാണ് നടന്നു തുടങ്ങിയത്. ഇന്ത്യന്‍ ജനസംഖ്യയുടെ 37 ശതമാനത്തെ പ്രതിനിധീകരിക്കുന്നവരാണവര്‍.

വില്‍ക്കുന്നവര്‍

നോട്ട് നിരോധനം മുതല്‍ CAB വരെയുള്ള ബി.ജെ.പി നയങ്ങളുടെ പരാജയവും അര്‍ത്ഥശൂന്യതയും യാഥാര്‍ത്യമായി നിലനില്‍ക്കെത്തന്നെ കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിനെ വലിയ പ്രതീക്ഷയില്‍ നോക്കിക്കണ്ട ഇന്ത്യന്‍ ജനതക്ക് മുന്നിലേക്ക് ധനമന്ത്രി വെച്ച പോംവഴി വിറ്റഴിക്കലിന്റേതാണ്, സ്വകാര്യവല്‍ക്കരണത്തിന്റേതാണ്. കൊറോണയുടെ മറവില്‍ ഇന്ത്യയുടെ പൊതുമേഖലയില്‍ ബാക്കിയുണ്ടായിരുന്ന ഖനി മുതല്‍ ബഹിരാകാശ സാധ്യതകള്‍ വരെ വിറ്റഴിക്കുകയാണ്.

Modi’s New Swadeshi Deal എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ മെയ് 25 ലക്കം ഇന്‍ഡ്യ ടുഡെ മാഗസിന്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നത് ‘സ്വദേശി ബ്രാന്‍ഡ് അംബാസഡര്‍’ എന്നാണ്. ‘ആത്മനിര്‍ഭര്‍’ ഇന്ത്യക്കായി 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജുമായി മെയ് 12ന് ഇന്ത്യയെ അഭിസംബോധന ചെയ്തു കൊണ്ട് നരേന്ദ്ര മോഡി ഉപദേശിച്ചത് കൊറോണയെ സാധ്യതയായി കാണാനായിരുന്നു.

ഇന്ത്യയിലെ അതിധനിക ന്യൂനപക്ഷത്തിന് വേണ്ടി കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത് പിന്നീടുള്ള ദിവസങ്ങളിലെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ കണ്ടു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, ഒരു മള്‍ട്ടിനാഷനല്‍ കമ്പനി അതിന്റെ ബോസ് പ്രഖ്യാപിച്ച ടാര്‍ഗറ്റ് നേടിയെടുക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് പോലെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 20 ലക്ഷം കോടിയെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്തിന്റെ പൊതുമുതല്‍ ലേലത്തിന് വെച്ചത്.

കഴിഞ്ഞ രണ്ട് മാസക്കാലമായി തൊഴിലില്ലാത്ത രാജ്യത്തെ അമ്പത് കോടിയോളം വരുന്ന തൊഴിലാളികള്‍, വിളവെടുപ്പോ വില്‍പ്പനയോ സാധ്യമാവാത്ത കര്‍ഷകര്‍, ഇന്ത്യയുടെ തെരുവിലൂടെ നടന്നു നീങ്ങുന്ന പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്ത് തിരിച്ചെത്തിയ പ്രവാസികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ആശ്വാസം പകരാനായി പുതുതായി യാതൊന്നുമില്ലാത്ത ഇന്ത്യന്‍ മഹാ വില്‍പ്പന മേള മാത്രമായി മാറിയ NAMO പ്രഖ്യാപനങ്ങളെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ‘No Action Messaging Only (NAMO)’ എന്നാണ് വിശേഷിപ്പിച്ചത്.

ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ പല രാജ്യങ്ങളും കൊറോണ പശ്ചാത്തലത്തില്‍ ജീവന്‍ നിലനിര്‍ത്താനും സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനും സ്വകാര്യ- ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥകളില്‍ നിന്നും പൊതുമേഖലകളെ ശക്തിപ്പെടുത്തുന്ന നിലപാടുകളിലേക്ക് തിരിച്ചു വരുമ്പോഴാണ്, മികച്ച മാനുഷിക വിഭവമുള്ള ഇന്ത്യ വിറ്റ് തുലക്കുന്നത്. ആത്മനിര്‍ഭര്‍ത/സ്വയംപര്യാപ്തതയുമായി യാതൊരു ബന്ധവുമില്ലാത്ത നയങ്ങള്‍ പ്രഖ്യാപിക്കുന്നതിലൂടെ നരേന്ദ്ര മോഡിയെന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, ഡീ മോണിറ്റൈസേഷന്‍ കാലത്തെ ‘ക്യാഷ്‌ലെസ് ഇക്കോണമി’ റെറ്ററിക് പ്രയോഗം പോലെ ഇന്ത്യന്‍ ജനതയെ ഒരിക്കല്‍ക്കൂടി വിഡ്ഢികളാക്കിയിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അജിത്ത് രുഗ്മിണി

ഗവേഷക വിദ്യാര്‍ത്ഥി

We use cookies to give you the best possible experience. Learn more