| Monday, 18th February 2013, 10:03 am

ഷുക്കൂര്‍ വധക്കേസ്: അടിയന്തരപ്രമയേത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.[]

പ്രതിപക്ഷത്തു നിന്ന് ഇ.പി.ജയരാജനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളുടെ മൊഴിമാറ്റത്തെ തുടര്‍ന്നുള്ള സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം എം.എല്‍.എമാരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രമേയം പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വയ്ക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു.

ഷൂക്കൂര്‍ വധത്തില്‍ സാക്ഷിമൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്ന് കേസിലെ പ്രധാന സാക്ഷി പി.പി അബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷിനുമെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും അബു പറഞ്ഞു.

കഴിഞ്ഞ ദിവസം ഷുക്കൂര്‍ വധക്കേസില്‍ നേരത്തേ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യത്യസ്തമായ നിലപടായിരുന്നു അബു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇത് തന്നെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് ചെയ്യിപ്പിച്ചതെന്നാണ് അബു പറയുന്നത്. കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. വിചാരണ വേളയില്‍ ഈ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും അബു പറഞ്ഞു.

We use cookies to give you the best possible experience. Learn more