പ്രകൃതിസംരക്ഷണ സന്ദേശവുമായി വോക്ക് കരോ ക്ലെമാത്തോണ്‍
Kerala
പ്രകൃതിസംരക്ഷണ സന്ദേശവുമായി വോക്ക് കരോ ക്ലെമാത്തോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 6:45 pm

 

കൊച്ചി: കൊച്ചിയിലെ പ്രമുഖ വോക്കിങ് കമ്മ്യൂണിറ്റിയായ വോക്ക് കരോ (WalkKaro) കഠിനമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംഘടിപ്പിച്ച ക്ലൈമാത്തോണ്‍ (Climathon) ജനപ്രാതിനിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു വലിയ മുന്നേറ്റമായി മാറി.

കൊച്ചിയിലെ ക്വീന്‍സ് വോക്ക്‌വേയില്‍ നടന്ന ഈ പരിപാടിയില്‍ 400ല്‍ അധികം പേരാണ് പങ്കെടുത്തത്. പരിപാടിയിലെ മുഖ്യാതിഥി കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ദീപ്തി മേരി വര്‍ഗീസ് ക്ലെമാത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

നാം അധിവസിക്കുന്ന ഭൂമിയുടെ നല്ല നാളേയ്ക്കായി പ്രകൃതിസംരക്ഷണം ജീവിതശൈലിയാക്കുക എന്ന ലക്ഷ്യത്തോടെ ഏതാണ്ട് 3 കിലോമീറ്റര്‍ ദൂരം ഊര്‍ജ്ജസ്വലതയോടെ അംഗങ്ങള്‍ നടന്നുമുന്നേറി. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ പാടെ ഒഴിവാക്കി പ്ലാസ്റ്റിക് ഇതര പരിസ്ഥിതി സൗഹാര്‍ദമായ വസ്തുക്കള്‍ മാത്രമായിരുന്നു ഇതിലുടനീളം ഉപയോഗിച്ചത്.

പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോത്സാഹനമെന്ന നിലയ്ക്ക് പങ്കെടുത്തവര്‍ക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.

പ്രകൃതിക്കൊപ്പം നടന്ന് മുന്നേറുവാനും സമൂഹത്തില്‍ സമൂലമായമാറ്റം കൊണ്ടുവരുവാനും വോക്ക് കരോ വൈവിധ്യമാര്‍ന്ന പ്രകൃതിസൗഹൃദ പരിപാടികള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ആധുനികജീവിതത്തില്‍ പരിസ്ഥിതിയെ മറന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ അനുഭവപ്പെ ടുന്ന അതികഠിനമായ ഉഷ്ണതരംഗവും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച് ജനങ്ങളില്‍ ശക്തമായ അവബോധം സൃഷ്ടിക്കുവാനാണ് ഈ പരിപാടി ലക്ഷ്യമിട്ടത്.

പരിസ്ഥിതി സൗഹൃദമായ ജീവിത ശൈലിയിലൂടെ കാലാവസ്ഥയെ അനുകൂലമാക്കുവാനും ഭൂമിയെ ആരോഗ്യകരമായി പരിപാലിക്കാനും നടന്നുമുന്നേറാന്‍ പങ്കെടുക്കുന്നവര്‍ക്ക് കൈമാത്തോണ്‍ വലിയ പ്രചോദനമായി.

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനായി നടപ്പ് പതിവാക്കുവാന്‍ നാനാതുറകളിലുമുള്ള എല്ലാ പ്രായക്കാരിലും താത്പര്യവും ജനിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് വോക്ക് കരോയുടെ വിശാലമായ ക്യാന്‍വാസിലുള്ളത്.

വ്യക്തികളുടെ ആരോഗ്യവും അതോടൊപ്പം പരിസ്ഥിതി സൗഹൃദമായ കൊച്ചിയുമാണ് വോക്ക് കരോയുടെ ലക്ഷ്യം. ഹ്രസ്വദൂര യാത്രകള്‍ക്ക് നടത്തം ശീലമാക്കുക വഴി കൊച്ചി നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആരോഗ്യകരമായ സമൂഹത്തെ വാര്‍ത്തെടുക്കാനും വോക്ക് കരോ ആഗ്രഹിക്കുന്നു.

 

Content highlight: Walk Karo Climathon with conservation message