പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് അല്‍ ഫയ്ഹ ഫുട്‌ബോള്‍ അനലിസ്റ്റ് വാലിദ് ചര്‍ച്ചരി.
അദ്ദേത്തിന്റെ വരവ് സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചെന്നും വലിയ രീതിയിലുള്ള ആരാധക കൂട്ടത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സൗദിയിലെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഫില്‍ ഗോള്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വാലിദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘റൊണാള്‍ഡോയുടെ കാര്യത്തില്‍ എല്ലാം ഓക്കെയാണ്. ഒരുകാര്യത്തിലും എതിരഭിപ്രായമില്ല. അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. താരത്തിന്റെ വരവ് സൗദി ലീഗില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ സൗദി പ്രോ ലീഗ് കാണാന്‍ വലിയ താത്പര്യമാണ്. എല്ലാ സാറ്റ്‌ലൈറ്റ് ചാനലുകളും ഞങ്ങളുടെ മാച്ചുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ രംഗത്തുണ്ട്,’ വാലിദ് ചര്‍ച്ചരി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ അല്‍ ഫെയ്യുമായി സമനില വഴങ്ങിയിരുന്നു. മത്സരഫലം അല്‍ ആലാമിയുടെ മൂന്ന് പോയിന്റ് കുറക്കാന്‍ കാരണമാവുകയും പട്ടികയില്‍ അല്‍ നസറിനെ രണ്ടാമതെത്തിക്കുകയും ചെയ്തു.
മത്സരത്തിന് പിന്നാലെ അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ സംതൃപ്തനല്ലെന്ന കാരണത്താലാണ് അല്‍ നസര്‍ അദ്ദേഹത്തെ പുറത്താക്കിയത്.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഗാര്‍ഷ്യ താരങ്ങളോട് അതിരുവിട്ട് സംസാരിച്ചിരുന്നെന്നും അത് റോണോയെ ചൊടിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ റൊണാള്‍ഡോ അതൃപ്തി അറിയിച്ചതിന് പിന്നാലെ കോച്ചിനെ പുറത്താക്കാന്‍ അല്‍ നസര്‍ തീരുമാനിക്കുകയായിരുന്നു. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.