റൊണാൾഡോയെക്കാൾ എന്റെ കളി ശൈലി കൂടുതൽ യോജിക്കുക അദ്ദേഹവുമായാണ്: മുൻ ആഴ്സണൽ താരം
Football
റൊണാൾഡോയെക്കാൾ എന്റെ കളി ശൈലി കൂടുതൽ യോജിക്കുക അദ്ദേഹവുമായാണ്: മുൻ ആഴ്സണൽ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2024, 8:55 pm

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ഈ രണ്ട് ഇതിഹാസതാരങ്ങളില്‍ ആരുടെ കൂടെയാണ് കളിക്കാന്‍ താത്പര്യമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ആഴ്‌സണല്‍ താരം വാല്‍കോട്ട്. സ്‌പെന്‍സര്‍ എഫ്.സിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മെസിയുടെ പേര് പറയും. കാരണം അദ്ദേഹം ഇടത് കാല്‍ കൊണ്ട് കളിക്കുന്നതിനാല്‍ എനിക്ക് കൃത്യമായി പന്ത് തരാന്‍ അദ്ദേഹത്തിന് സാധിക്കും. റൊണാള്‍ഡോയേക്കാള്‍ മെസിയായിരിക്കും എന്റെ ശൈലി കൂടുതലായും മനസിലാക്കുക,’ വാല്‍കോട്ട് പറഞ്ഞു.

ഫുട്ബോളില്‍ ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

അതേസമയം 2006ല്‍ ഇംഗ്ലീഷ് ക്ലബ്ബ് സതാംപ്ടണില്‍ നിന്നുമാണ് വാല്‍കോട്ട് ആഴ്‌സണലില്‍ എത്തുന്നത്. ആഴ്‌സണലിനായി 12 വര്‍ഷത്തോളമാണ് വാല്‍കോട്ട് ബൂട്ട് കെട്ടിയത്. പീരങ്കിപ്പടയ്‌ക്കൊപ്പം 397 മത്സരങ്ങളില്‍ നിന്നും 108 ഗോളുകളാണ് വാല്‍കോട്ട് അടിച്ചുകൂട്ടിയത്. താരം പിന്നീട് 2018ല്‍ എവര്‍ട്ടണിലേക്ക് ചേക്കേറുകയും പിന്നീട് തന്റെ പഴയ തട്ടകമായ സതാംപ്ടണിലേക്ക് തന്നെ കൂടുമാറുകയുമായിരുന്നു.

 

Content Highlight: Walcott Talks About Lionel Messi