തൃശ്ശൂര്‍: സംഘപരിവാര്‍ ഒഴികെ ആരുടേയും പിന്തുണ സ്വീകരിക്കുമെന്ന് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. യു.ഡി.എഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
‘വാളയാര്‍ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരം. യു.ഡി.എഫ് സ്വതന്ത്രയാകില്ല. ജയിച്ചാല്‍ നിയമസഭയ്ക്ക് അകത്ത് സമരം തുടങ്ങും. ഇല്ലെങ്കില്‍ പുറത്ത് സമരം തുടരും’, അവര്‍ പറഞ്ഞു.
കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
”മുഖ്യമന്ത്രിയോടു കാലുപിടിച്ചു കരഞ്ഞു പറഞ്ഞതാണ്. കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് അന്ന് ഉറപ്പു തന്നതാണ്. പിന്നീടു കണ്ടത് ആ ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതാണ്. എന്റെ മക്കളെ പീഡിപ്പിച്ചു കൊന്ന കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ച ഉദ്യോഗസ്ഥര്‍ തൊപ്പിയൂരി ഒരു ദിവസമെങ്കിലും നില്‍ക്കുന്നതു കാണണം” അവര്‍ പറഞ്ഞു.
അതേസമയം മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു. മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്നും അമ്മയുടെ തീരുമാനം തിരഞ്ഞെടുപ്പിന്റെ മാനം വര്‍ധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു.
‘വാളയാര്‍ കേസിലെ സര്‍ക്കാര്‍ നിലപാടില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ല. പെണ്‍കുട്ടികളുടെ അമ്മയുടെ വികാരത്തിനൊപ്പമാണു സര്‍ക്കാര്‍ നിന്നത്. വേദനിപ്പിക്കാന്‍ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. അന്വേഷണം സി.ബി.ഐക്കു വിട്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ അമ്മയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും എവിടെ വേണമെങ്കിലും മത്സരിക്കാം.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളാണ് 2017 ല്‍ മൂന്നു മാസത്തെ ഇടവേളയില്‍ വാളയാര്‍ അട്ടപ്പള്ളത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
തെളിവില്ലാത്തതിനാല്‍ പ്രതികളെ വിട്ടയയ്ക്കുന്നതായ പാലക്കാട് പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസ് ഇപ്പോള്‍ സി.ബി.ഐക്കു വിട്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക