| Monday, 19th October 2020, 12:31 pm

വാളയാര്‍ കേസില്‍ വീഴ്ചപറ്റി, പുനര്‍വിചാരണ വേണം, തുടരന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ആവശ്യമെങ്കില്‍ തുടരഅന്വേഷണം നടത്താനും തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.

13ഉം 9ഉം വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട പാലക്കാട് സെഷന്‍സ് കോടതി (പോക്‌സോ കോടതി) ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്‌സോ കോടതി ആറ് കേസുകൡായി നാല് പ്രതികളെ വെറുതെ വിട്ടത്.

ഇതിലാണ് സെഷന്‍സ് കോടതി വിധി റദ്ദാക്കി കൂടുതല്‍ അന്വേഷണം നടത്തി പുനര്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.

അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലായിരുന്നു സര്‍ക്കാര്‍ ആദ്യം അപ്പീല്‍ നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Walayar case, needs a retrial and ready for further investigation government told the high court

We use cookies to give you the best possible experience. Learn more