തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും.
കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി.
52 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനും അതേ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
2019 ഒക്ടോബര്‍ 25നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക