പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. കേസില്‍ പ്രോസിക്യൂട്ടര്‍മാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന് വ്യക്തമായി പറയണമെന്നും ജലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
മൂന്ന് മാസം മാത്രമാണ് താന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നതെന്നും ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതില്‍ അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് തന്നെ മാറ്റിയതെന്നും അവര്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാര്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ജലജ മാധവന്‍ രംഗത്തെത്തിയത്. കേസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും താനായിരുന്നില്ല പ്രോസിക്യൂട്ടറെന്നും ജലജ മാധവന്‍ ഫേസ്ബുക്കിലെഴുതി.
‘എല്‍.ഡി.എഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യു.ഡി.എഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും, സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ച് മാസത്തില്‍ ഈ 6 പ്രോസിക്യൂട്ടര്‍മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വരികയും ചെയ്തു. അങ്ങനെയാണ് എന്റെയും നിയമനം. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന, കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ഉത്തരവ് പ്രകാരം എന്നെ മാറ്റി വീണ്ടും യു.ഡി.എഫ് കാലത്തെ, എല്‍.ഡി.എഫ് സര്‍ക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറെ നിയമിച്ചു,’ ജലജ മാധവന്‍ പറഞ്ഞു.
എന്തിനാണ് തന്നെ മാറ്റിയതെന്ന് ഒരു ഉത്തരവിലും വ്യക്തമാക്കിയിട്ടില്ലെന്നും ജലജ പറഞ്ഞു.
പൊലീസുദ്യോഗസ്ഥരായ സോജനും ചാക്കോയും കാര്യക്ഷമതയോടെ അന്വേഷണം നടത്തിയെന്നാണോ മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ എന്നും അവര്‍ ചോദിച്ചു.
പ്രോസിക്യൂട്ടര്‍മാരുടെ മേല്‍ പഴിചാരാതെ കേസില്‍ വീഴ്ചയുണ്ടായത് ആരുടെ ഭാഗത്ത് നിന്നാണെന്ന് വ്യക്തമായി പറയണമെന്നും ജലജ ആവശ്യപ്പെട്ടു. കമ്മീഷന്‍ തെളിവെടുപ്പിനെക്കുറിച്ചും തനിക്ക് സംസാരിക്കാനുണ്ടെന്നും പിന്നീട് പറയുമെന്നും ജലജ പറഞ്ഞു.
കേസിന്റെ വിചാരണ വേളയില്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി. കെ ഹനീഫയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ലഭിച്ച റിപ്പോര്‍ട്ട് നടപടി കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും തുടര്‍ന്ന് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിനിര്‍ത്തിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ വീടിന് മുന്നില്‍ മൂന്നാം ദിവസമാണ് ത്യഗ്രഹമിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം??
സിഎമ്മിന്റെ പത്ര സമ്മേളനം….വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാര്‍. അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം ുൃീലെരൗീേൃ ആയിരുന്നു ഞാന്‍. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങള്‍ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
എല്‍.ഡി.എഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യു.ഡി.എഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ച് മാസത്തില്‍ ഈ 6 പ്രോസിക്യൂട്ടര്‍മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടേഴ്‌സ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം.
എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും അഭ്യന്തര ഡിപ്പാര്‍ട്‌മെന്റ്ല്‍ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ഓര്‍ഡര്‍ പ്രകാരം എന്നെ മാറ്റി വീണ്ടും യു.ഡി.എഫ് കാലത്തെ, എല്‍.ഡി.എഫ് സര്‍ക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും അഭ്യന്തരവകുപ്പിന്റെ ഓര്‍ഡര്‍ പ്രകാരം.
ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓര്‍ഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യു.ഡി.എഫ് കാലത്തെ പ്രോസിക്യൂട്ടറെ തന്നെ തന്നെ അപ്പോയിന്റ് ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്? ചാക്കോയും സോജനും എഫിഷ്യന്റായി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സിഎമ്മിന്റെ കണ്ടെത്തല്‍?
വാളയാര്‍ കേസില്‍ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോള്‍ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോള്‍ തോന്നുന്നു. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചക്ക് ഞാന്‍ തയ്യാറാണ്. മൊത്തമായി ഒരുമിച്ചു എഴുതിയാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷന്‍ തെളിവെടുപ്പിനെക്കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക