| Friday, 3rd December 2021, 4:55 pm

വഖഫ് ബോര്‍ഡ് നിയമനം; പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാതെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. പള്ളികളില്‍ ബോധവത്കരണം നത്തുന്നതില്‍ തെറ്റില്ലെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

വഖഫ് ഒരു മത സ്ഥാപനമാണെന്നും അതില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം ബോര്‍ഡിനാണെന്നും ഹുസൈന്‍ പറഞ്ഞു.

ചര്‍ച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് വിഷയത്തില്‍ നിന്ന് സമസ്ത മാറി നില്‍ക്കുകയാണെങ്കിലും മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്.

സംസ്ഥാനത്തിന്റെ ഇടപെടല്‍ പള്ളിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതെന്നും കേന്ദ്ര നിയമ പ്രകാരം കേന്ദ്ര വഖഫ് ബോര്‍ഡിനാണ് ജീവനക്കാരെ നിയമിക്കാന്‍ അധികാരമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിസംബര്‍ 9ന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം ചേരാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ സമരപരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്.

നേരത്തെ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് സലാം തിരുത്തി പറഞ്ഞിരുന്നു.
പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്‌ലിം സംഘടനകളുടേതായിരുന്നുവെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പി.എം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതിനു പിന്നാലെ പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പള്ളികളുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വഖഫ് നിയമനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Wakhaf Board Appointment; The Muslim Coordinating Committee did not back down from the protests

We use cookies to give you the best possible experience. Learn more