കോഴിക്കോട്: കേരള വക്കഫ് ബോര്‍ഡില്‍ നിയമന അട്ടിമറി ആരോപണം. കരള വക്കഫ് ബോര്‍ഡില്‍ ഒരു ശിയാ പ്രതിനിധി ഉണ്ടാവണം എന്ന ചട്ടം ലഘിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വക്കഫ് ബോര്‍ഡില്‍ നിയമിച്ചത് മുസ്ലിം വിഭാഗത്തിലെ പ്രബല വിഭാഗമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ എന്ന സുന്നീ നേതാവിനേയും ടി.പി അബ്ദുല്ലക്കോയ മദനി എന്ന മുജാഹിദ് നേതാവിനേയും.
ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുന:സംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അംഗത്വവുമായി ബന്ധപ്പെട്ട് അട്ടിമറി നടന്നതായി ആരോപിച്ച് കൊണ്ട് ആദ്യം രംഗത്തെത്തിയത് ഐ.എന്‍.എല്ലാണ്. പാണക്കാട് കൊടപ്പനയക്കല്‍ കുടുംബത്തിലെ ഒരംഗത്വത്തെ ശിയാ വിഭാഗത്തിനായി മാറ്റിവയ്ക്കപ്പെട്ട ക്വാട്ടയില്‍ ഉള്‍പ്പെടുത്തി അംഗത്വ മാനദണ്ഡത്തില്‍ വന്‍തിരിമറി നടത്തി സുന്നി വിശ്വാസ സമൂഹത്തോടും പാണക്കാട് കുടുംബത്തോടും കടുത്ത വഞ്ചനയാണ് നടത്തിയിരിക്കുന്നതെന്നാണ് ഐ.എന്‍.എല്ലിന്റെ ആരോപണം.
സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിയമനം നടത്തിയത് ചട്ടം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഫൈസല്‍ എന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. കേന്ദ്ര നിയമ പ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ ഒരു ശിയാ പ്രതിനിധിയും ഒരു മതപണ്ഡിത പ്രതിനിധിയും ഉണ്ടാവണമെന്നിരിക്കെ ആ രണ്ട് പ്രതിനിധികളെയും നിലവിലെ സംസ്ഥാന വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായി കാണുന്നില്ലെന്നും അത് കൊണ്ട് പ്രസ്തുത വിഷയത്തില്‍ ഒരു അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം നടന്നു വരികയാണ് എന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.
“നിലവില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് റഷീദലി ശിഹാബ് തങ്ങളെയും അംഗമായ ടി.പി. അബ്ദുല്ലക്കോയ മദനിയേയും ശിയാ- സുന്നി വിഭാഗങ്ങളിലുള്ള പണ്ഡിതന്മാരുടെ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആരാണ് സുന്നിയെന്നും ആരാണ് ഷിയായെന്നും ഇത് വരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
ഏത് കാറ്റഗറിയിലാണുള്‍പ്പെട്ടതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ആറ് മാസത്തിനുള്ളില്‍ അംഗങ്ങളില്‍ നിന്ന് വാങ്ങണമെന്ന നിബന്ധനയുണ്ടെങ്കിലും അന്നത്തെ സര്‍ക്കാര്‍ അതും പാലിച്ചിട്ടില്ല. നിശ്ചിത സമയത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാത്തവരുടെ അംഗത്വം അസാധുവാകുമെന്നിരിക്കെ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. റഷീദലി തങ്ങള്‍ കൈപറ്റിയ ആനുകൂല്യങ്ങളെ സംബന്ധിച്ചും മറുപടി പറയണം. അബ്ദുല്ലക്കോയ തങ്ങള്‍ ശിയാ വിഭാഗത്തില്‍ നിന്നാണോ വന്നതെന്ന് മുജാഹിദുകളും വ്യക്തമാക്കണം”. എന്നാണ് ഐ.എന്‍.എല്ലിന്റെ ആവശ്യം.
കേരളത്തിലെ സുന്നി മതവിശ്വാസികളെ സംബന്ധിച്ച് ഞെട്ടലുളവാക്കുന്ന ഈ സംഭവത്തില്‍ വഖഫ് വകുപ്പ് കൈകാര്യം ചെയ്ത മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മറുപടി പറയുകയുകതന്നെ വേണമെന്നും ഐ.എന്‍.എല്‍ നേതാക്കാള്‍ ആവശ്യപ്പെടുന്നു.
എണ്ണത്തില്‍ വളരെ കുറവായ മലയാളി ശിയാക്കള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണെന്ന് ആരോപിക്കുകയും തീര്‍ത്തും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ മുജാഹിദ് വിഭാഗം നേതാവിനെയും സുന്നി വിഭാഗവും നേതാവിനെയും വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ശിയായിസത്തെ അകറ്റി നിര്‍ത്താന്‍ വേണ്ടി ഏറ്റവും മുന്നില്‍ നിന്ന് പ്രചാരണം നടത്തിയവരൊണ് ശിയാ വിഭാഗത്തിനായി മാറ്റിവയ്ക്കപ്പെട്ട ക്വാട്ടയില്‍ കയറിക്കൂടിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
മുഖ്യധാരാ ശിയാ സമുദായമായ ഇഥ്നാ അശ്അരി വിഭാഗത്തിലാണ് മലയാളി ശിയാക്കള്‍. അലി ഇബ്നു അബീത്വാലിബ് (കര്‍റമല്ലാഹു വജ്ഹഹു) മുതല്‍ ഹുജ്ജതു സമാന്‍ ഇമാം മഹ്ദി (അലൈഹി സലാം ) വരെയുള്ള പന്ത്രണ്ട് ഇമാമുമാരെ പിന്തുടരുന്നവരാണിവര്‍.